തിരിച്ചടിക്കൊരുങ്ങി ഇറാന്‍, ഗള്‍ഫ് മേഖലയില്‍ ആശങ്ക


ടെഹ്‌റാന്‍: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ അടക്കമുള്ള ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ മുന്‍ കമാന്‍ഡറായിരുന്ന മുഹ്‌സിന്‍ റിസായി. എലീറ്റ് ഖുദ്‌സ് ഫോഴ്‌സ് തലവനും റെവല്യൂഷണറി ഗാര്‍ഡ്‌സിലെ മേജര്‍ ജനറലുമായിരുന്നു കൊല്ലപ്പെട്ട കാസിം സുലൈമാനി.
രക്തശാക്ഷികളാക്കപ്പെട്ട സഹോദരന്മാരുടെ കൂട്ടത്തിലാണ് ഇപ്പോള്‍ സുലൈമാനിയെന്നും ഇറാനിയന്‍ സര്‍ക്കാരില്‍ ഉന്നത പദവി വഹിക്കുന്ന റിസായി ട്വീറ്റ് ചെയ്തു. ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് കാസിമിനെ അമേരിക്കന്‍ സേന വധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണം നടത്തിയ വാര്‍ത്ത പുറത്ത് വന്ന ശേഷം അമേരിക്കന്‍ പതാകയുടെ ചിത്രം ഉള്‍പ്പടുത്തികൊണ്ടുള്ള ട്രംപിന്റെ ട്വീറ്റ് ചെയ്തിരുന്നു. ഗള്‍ഫ് മേഖലകളിലുള്ള തങ്ങളുടെ സൈനികരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വ്യോമാക്രമണം നടത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് പെന്റഗണ്‍ കൊലകളെ ന്യായീകരിക്കുന്നത്.
പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇറാന്റെ പിന്തുണയുള്ള ഇറാഖി പൗരസേനകളുടെ തലവന്‍ അബു മെഹ്ദി മുഹന്ദിസും അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈ സൈനിക സംഘത്തെ ലക്ഷ്യം വച്ചുകൊണ്ട് ഇന്ന് പുലര്‍ച്ചെയാണ് അമേരിക്കന്‍ സേന റോക്കറ്റ് ആക്രമണം നടത്തിയത്. വിമാനത്താവളത്തില്‍ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. അമേരിക്കയുടെ ആക്രമണം ഗള്‍ഫ് മേഖലയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. യുദ്ധത്തിനുള്ള സാദ്ധ്യതകളിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്.

Post a Comment

0 Comments