ഇന്ത്യന്‍ ഭരണഘടയില്‍ ഏതിനും പരിഹാരമുണ്ട്


കാസര്‍കോട്: രാജ്യം നേരിടുന്ന ഏതുതരം പ്രശ്‌നത്തിനും ഇന്ത്യന്‍ ഭരണഘടയില്‍ പരിഹാരമുണ്ടെന്ന് ജില്ലാ ജഡ്ജിയും സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയുമായ നിസാര്‍ അഹമ്മദ് കെ. ടി. അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടേതാണ്. വിവിധ രാജ്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും ആശയങ്ങള്‍ ഇന്ത്യന്‍ ഭരണഘടന സ്വാംശീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നമ്മുടെ ഭരണഘടനയെ അറിയുക എന്ന പ്രചരണ പരിപാടിയ്ക്ക് തുടക്കം കുറിച്ച് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കാസര്‍കോട് ജില്ലാ ചെയര്‍മാനും സെഷന്‍സ് ജഡ്ജിയുമായ ഡി. അജിത്കുമാര്‍ അധ്യക്ഷനായിരുന്നു. കേന്ദ്രസര്‍വ്വകലാശാല പ്രോ-വൈസ്ചാന്‍സലറും ഭരണഘടനയുടെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ കേരള നോഡല്‍ ഓഫീസറുമായ ഡോ. കെ. ജയപ്രസാദ്, ജില്ലാ ഗവ. പ്ലീഡര്‍ ദിനേശ്കുമാര്‍ കെ., കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എ. സി. അശോക്കുമാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments