ചെറുവത്തൂര്‍: കുട്ടമത്ത്-കയ്യൂര്‍-ചീമേനി റോഡിന്റെ മെക്കാഡം ടാറിംങ്ങിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്കി.
4.96 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുളളത്. ചെറുവത്തൂര്‍ ടൗണിനു സമീപം കുട്ടമത്തില്‍ നിന്നും ആരംഭിച്ച് കയ്യൂര്‍ വഴി ചീമേനി ജംഗ്ഷന് വരെ നീണ്ടു കിടക്കുന്ന 13.7 കി.മീ. നീളമുളള റോഡിന്റെ ടാറിംഗ് പൊതുജനങ്ങള്‍ വളരെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഈ റോഡിന്റെ 8.92 കി.മീ.മുതല്‍ കയ്യൂര്‍ ജംഗ്ഷന് വരെ നീണ്ടുനില്‍ക്കുന്ന 4.78 കി.മീ. നീളത്തില്‍ ബി.എം & ബി.സി പോലുളള ഘടനാപരമായ പാളികള്‍ ഉപയോഗിച്ച് റോഡ് നവീകരിക്കുന്ന രീതിയിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുളളത്. തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന് ആയിട്ടുളള ഈ പദ്ധതിയില്‍ സ്ലാബ് കള്‍വര്‍ട്ട്, പൈപ്പ് കള്‍വര്‍ട്ട് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജലനിര്‍ഗ്ഗമന സംവിധാനം, ട്രാഫിക്ക് ബാരിയേഴ്സ്, സൈന്‍ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കുന്നുണ്ട്. 450 മി.മീ. ഘനമുളള ഈ റോഡിന്റെ നവീകരണം പൂര്‍ത്തിയായാല്‍ ഈ പ്രദേശത്തിലെ സാമൂഹിക-വ്യാവസായിക വികസനത്തിന് ഇത് വളരെ അധികം സഹായകരമാകും. തൃക്കരിപ്പൂര്‍ എം.എല്‍.എ. എം രാജഗോപാലന്‍ ഈറോഡ് നവീകരണത്തിനായി പ്രൊപ്പോസല്‍ നല്‍കിയിരുന്നു.
ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. യോഗത്തില്‍ സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, എല്‍.എല്‍.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി. മണികണ്ഠകുമാര്‍ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments