പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: ജയരാജന്റെ ആരോപണം അലന്റെ മാതാവ് തള്ളി


കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് യുഎപിഎ കേസില്‍ പി.ജയരാജന്റെ ആരോപണങ്ങള്‍ തള്ളി അലന്‍ ഷുഹൈബിന്റെ അമ്മ സബിത രംഗത്ത്. അലന്‍ എസ്എഫ്‌ഐയില്‍ ഒരിക്കലും സജീവമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് സബിത ശേഖര്‍ പറഞ്ഞു. സിപിഎം ലേബല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നും എസ്എഫ്‌ഐ പ്രവര്‍ത്തനത്തിനിടയിലും ഇത്തരം ഇടപെടലുണ്ടായെന്നുമുള്ള പി.ജയരാജന്റെ ആരോപണത്തിനെതിരായാണ് സബിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'അലന്‍ എസ്എഫ്‌ഐയില്‍ ഒരിക്കലും സജീവമായിരുന്നില്ല. പാലയാട് കാമ്പസിലും അവന്‍ സജീവ എസ്എഫ്‌ഐക്കാരനായിരുന്നില്ല. അങ്ങനെ എസ്എഫ്‌ഐയില്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുക എന്ന് സബിത ചോദിച്ചു. ഒരു വേദിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും സബിത വിമര്‍ശിച്ചു.
എസ്എഫ്‌ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ജയരാജന്റെ പ്രസ്താവന. 'എസ്എഫ്‌ഐയ്ക്കകത്ത് മാവോയിസ്റ്റ് ആശയപ്രചാരണം നടത്തുകയാണ് ഇവര്‍ ചെയ്തത്. മുസ്ലീം ചെറുപ്പക്കാരായത് കൊണ്ടാണ് അലനും താഹക്കും എതിരെ കേസ് എടുത്തതെന്ന് പ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. ഇരുവര്‍ക്കും എതിരെ ചുമത്തിയ യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത് വെറുതെ അല്ലെന്നും പി.ജയരാജന്‍ പറഞ്ഞിരുന്നു.

Post a Comment

0 Comments