അധ്യാപികയുടെ കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ ഹരജി


കാസര്‍കോട്: മിയാപദവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന അധ്യാപകനെയും സുഹൃത്തിനെയും കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ സതീഷ് കുമാര്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.
മിയാപദവ് സ്‌കൂളിലെ അധ്യാപകനായ വെങ്കിട്ട രമണ, സഹായി നിരഞ്ജന്‍ കുമാര്‍ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിനാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. വെങ്കിട്ട രമണയുമായുള്ള ബന്ധം നിലനില്‍ക്കേ രൂപശ്രീ മറ്റൊരു അധ്യാപകനുമായി അടുപ്പം സ്ഥാപിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ആഭിചാരക്രിയയും ദുര്‍മന്ത്രവാദവും കൂടി രൂപശ്രീയുടെ കൊലപാതകത്തിന് കാരണമായെന്ന പുതിയ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വെങ്കിട്ട രമണ പലയിടങ്ങളിലും ആഭിചാരക്രിയകള്‍ നടത്തി പണം സമ്പാദിച്ചതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.
പൂര്‍ണ്ണ നഗ്‌നാവസ്ഥയിലായിരുന്നു രൂപശ്രീയുടെ മൃതദേഹം പെര്‍വാഡ് കടപ്പുറത്ത് കണ്ടെത്തിയിരുന്നത്. ശക്തമായ തിരമാലകളടിച്ച് രൂപശ്രീയുടെ വസ്ത്രങ്ങള്‍ വേര്‍പെട്ട് പോയതാകാമെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ ക്രൈംബ്രാഞ്ച് ഇത് അതേ പടി വിശ്വസിക്കുന്നില്ല. രൂപശ്രീയെ നഗ്‌നയാക്കി ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയെന്നും അതിനിടയില്‍ അവിഹിത ബന്ധത്തിന്റെ പേരിലുള്ള തര്‍ക്കമുണ്ടായെന്നും ഇതോടെയാണ് കൊലപാതകം നടന്നതെന്നും ക്രൈംബ്രാഞ്ചിന് സംശയമുണ്ട്.
ഇക്കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

Post a Comment

0 Comments