കേരളത്തെ വിദ്യാഭ്യാസ കേന്ദ്രമാക്കും-മന്ത്രി


കാസര്‍കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമാനാര്‍ഹമായ മുന്നേറ്റമാണ് സംസ്ഥാനം നേടിക്കൊണ്ടിരിക്കുന്നതെന്നും കേരളത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. മഞ്ചേശ്വരം ഗോവിന്ദ പൈ മെമോറിയല്‍ ഗവണ്‍മെന്റ് കോളേജിന് വേണ്ടി നിര്‍മിച്ച ജൂബിലി മെമോറിയല്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അക്രമിക്കപ്പെടുന്നത് പതിവാകുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും സുരക്ഷിതമായി പഠനം നടത്താനാവുന്ന സൗഹാര്‍ദാന്തരീക്ഷമാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതം, ഭാഷ, സംസ്‌കാരം, വസ്ത്രം, ഭക്ഷണം തുടങ്ങിയവയില്‍ യാതൊന്നും ചോദ്യം ചെയ്യപ്പെടാതെ സ്വതന്ത്രമായി വിദ്യാഭ്യാസം നടത്താനുള്ള സാഹചര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന സര്‍ക്കാര്‍ ഇടപെടലുകളെ തുടര്‍ന്ന് ഇവിടെ നിന്നും ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം താരതമ്യേന കുറഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതസ്ഥാനമായി സംസ്ഥാനത്തെ നിലനിര്‍ത്തി ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആകര്‍ഷക കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സംസ്ഥാനത്ത് ബിരുദം, ബിരുദാനന്തര ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനായി ബിരുദ പരീക്ഷാ ഫലം ഏപ്രിലിലും ബിരുദാനന്തര പരീക്ഷാഫലം മെയിലും പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കും. വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനത്തിന് വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ഭരണകൂടം എന്നിവ ഒത്തുചേര്‍ന്നു പോകണം. സംസ്ഥാനത്തെ ബഹുസ്വരതക്ക് പൊതുവിദ്യാലയങ്ങള്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. ഒരേ ബെഞ്ചില്‍ വിവിധ ജാതിമതസ്ഥര്‍ ഒരേ ഹൃദയത്തോടെ ഇരുന്നതിനാലാണ് പഴയതലമുറ ഇന്നും അതിര്‍വരമ്പുകള്‍ക്കപ്പുറം കൈകോര്‍ത്ത് നടക്കുന്നത്. പുതിയതലമുറയ്ക്കും ഈ ബഹുസ്വരത പകര്‍ന്നു നല്‍കാനാണ് പൊതുവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ വളരെയധികം തുക വകയിരുത്തുന്നത്. ഇതിലൂടെ മാതൃകാപരമായ സമൂഹത്തെയാണ് വാര്‍ത്തെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Post a Comment

0 Comments