കാഴ്ചസമര്‍പ്പണ ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം: ഒരാള്‍ക്കു ഗുരുതരം; നിരവധിപേര്‍ക്ക് പരിക്ക്


കാഞ്ഞങ്ങാട്: ക്ഷേത്ര കളിയാട്ടത്തിന്റെ കാഴ്ച സമര്‍പ്പണ ഘോഷയാത്ര കടന്നു പോകുന്നതിനിടെയുണ്ടായ അടിപിടിയില്‍ നിരവധി പേര്‍ക്ക് പരിക്ക്.
അടോട്ട് മൂത്തേടത്ത് കുതിര് പുതിയസ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന കളിയാട്ടത്തോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന കാഴ്ച സമര്‍പ്പണ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. ഘോഷയാത്ര രാത്രി പതിനൊന്നരയോടെ വെള്ളിക്കോത്ത് ടൗണ്‍ വിട്ട ഉടനായിരുന്നു സംഘര്‍ഷം. വെള്ളിക്കോത്ത് വീച്ചേരി ജങ്ഷനില്‍ നിന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അടോട്ടെയും പെരളം തട്ടുമ്മലിലെയും യുവാക്കള്‍ ഉള്‍പ്പെട്ട സംഘങ്ങളാണ് തമ്മില്‍ത്തല്ലിയത്. ദിവസങ്ങള്‍ക്കു മുന്‍പ് മഡിയന്‍ കൂലോം പാട്ടുല്‍സവത്തിന്റെ സമാപന ദിവസം രാത്രിയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചാണിതെന്നു പറയുന്നു. അന്നു പരാതിക്കാരില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിരുന്നില്ല.
ഇന്നലത്തെ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ തട്ടുമ്മലിലെ യുവാവിനെ മംഗലാപുരത്തു പ്രവേശിപ്പിച്ചിരിക്കുകയാണ്. നിസാര പരിക്കേറ്റവര്‍ കാഞ്ഞങ്ങാട്ടെ വിവിധ സ്വകാര്യാശുപത്രികളില്‍ ചികില്‍സ തേടി. ഇന്നലെയുണ്ടായ സംഘര്‍ഷത്തിലും ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ല.

Post a Comment

0 Comments