മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലം അന്തരിച്ചു


കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കുറച്ചുകാലമായി അവര്‍ കിടപ്പിലായിരുന്നു. കോഴിക്കോട്ടായിരുന്നു അന്ത്യം. വൈകീട്ട് 5.30ക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖ നേതാക്കള്‍ കോഴിക്കോട്ടെത്തി എം കമലത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ എം.കമലത്തിന്റെ മരണത്തില്‍ അനുശോചിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട്ട് നടത്താനിരുന്ന മനുഷ്യഭൂപടം ഉള്‍പ്പടെ എല്ലാ പരിപാടികളും മാറ്റിയതായി ഡിസിസി അറിയിച്ചു. അടുത്ത മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണമായിരിക്കുമെന്നും ഡിസിസി അറിയിച്ചു.
കോണ്‍ഗ്രസിലെ ഏറ്റവും പ്രമുഖയായ വനിതാനേതാക്കളില്‍ ഒരാളായിരുന്നു കമലം. കെ.കരുണാകരന്‍ മന്ത്രിസഭയില്‍ 1982 മുതല്‍ 1987 വരെ സഹകരണമന്ത്രിയായി. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എഐസിസി അംഗം എന്നിങ്ങനെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പല തട്ടുകളില്‍ സജീവമായി പ്രവര്‍ത്തിച്ചു അവര്‍.
മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി നല്ല ബന്ധമുണ്ടായിരുന്ന എം കമലം പക്ഷേ അടിയന്തരാവസ്ഥയെ തുറന്നെതിര്‍ത്തു. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍, അതിനെതിരെ സംഘടനാ കോണ്‍ഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോള്‍ അറസ്റ്റിലായി. സംഘടനാ കോണ്‍ഗ്രസ് ജനതാപാര്‍ട്ടിയായപ്പോള്‍, അതില്‍ തുടര്‍ന്നു. പിന്നീട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കോഴിക്കോട്ട് മത്സരിച്ച് പരാജയപ്പെട്ടു. ജനതാ പാര്‍ട്ടി വിട്ട് ജനതാ (ഗോപാലന്‍) പാര്‍ട്ടിയില്‍ ചേര്‍ന്ന എം.കമലം പിന്നീട് ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ത്തന്നെ തിരികെയെത്തി.
കോഴിക്കോട് മുന്‍സിപ്പാലിറ്റിയിലെ പ്രവര്‍ത്തനപരിചയം, അടിത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവായി എം.കമലത്തിനെ മാറ്റി. അതിന്റെ അനുഭവസമ്പത്ത് അവര്‍ക്ക് എന്നും ഉണ്ടായിരുന്നു താനും.

Post a Comment

0 Comments