എസ്.ഐയെ വെടിവെച്ചുകൊന്ന പ്രതികളെ തിരിച്ചറിഞ്ഞു


പാറശ്ശാല: കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികള്‍. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്‌ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സണെ പ്രതികള്‍ വെടിവെച്ചത്. ഇന്നലെ ഡ്യൂട്ടിയില്‍ വില്‍സണ്‍ മാത്രമാണുണ്ടായിരുന്നത്.
പ്രതികള്‍ക്കായി കേരളത്തിലും തമിഴ്‌നാട്ടിലുമായി വ്യാപക അന്വേഷണം നടക്കുകയാണ്. തമിഴ്‌നാട്ടില്‍ തന്നെ പ്രതികള്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തൗഫീക്ക്, ഷെമീം ഉള്‍പ്പെടെ ആറ് യുവാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക റിപ്പോര്‍ട്ട് സംസ്ഥാന ഇന്റലിജന്‍സ് ഡിജിപിക്ക് കൈമാറിയിരുന്നു. തമിഴ്‌നാട്ടിലോ കേരളത്തിലോ ഇവര്‍ അക്രമത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ശബരിമല സീസണ്‍ തുടങ്ങിയതിനാല്‍ പോലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇവര്‍ ഏത് സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നോ കൃത്യമായ ഉദ്ദേശം എന്തായിരുന്നെന്നോ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തെക്കുറിച്ച് ഇപ്പോള്‍ പോലീസിന് സൂചനയുണ്ട്. വലിയ ആസൂത്രിത നീക്കമാണ് പ്രതികളുടേതെന്നാണ് പോലീസ് കരുതുന്നത്.

Post a Comment

0 Comments