തട്ടാച്ചേരി വടയന്തൂര്‍ കഴകത്തില്‍ പുതിയപറമ്പന്‍ കാരണവര്‍ സ്ഥാനമേറ്റു


നീലേശ്വരം : 22 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകത്തില്‍ ആചാരപ്പെരുമയില്‍ പുതിയപറമ്പന്‍ കാരണവര്‍ സ്ഥാനാരോഹണം.
പയ്യന്നൂര്‍ സ്വദേശി പി.വി.രവിയാണ് നീലേശ്വരം രാജവംശത്തിലെ കെ.സി.രവി വര്‍മ രാജയില്‍ നിന്നു കച്ചും കഠാരവും സ്വീകരിച്ച് ആചാരമേറ്റത്. ചടങ്ങ് പൂര്‍ത്തിയാക്കി കഴകത്തിലെത്തിയ പുതിയ പറമ്പന്‍ കാരണവര്‍ക്ക് തന്ത്രി മയ്യല്‍ ദിലീപ് വാഴുന്നവര്‍ തീര്‍ഥവും പ്രസാദവും നല്‍കി.
പെരുങ്കളിയാട്ട ദിനങ്ങളില്‍ അരങ്ങിലെത്തുന്ന ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍, വൈരജാതന്‍, മഡിയന്‍ ക്ഷേത്രപാലകന്‍ തെയ്യങ്ങള്‍ക്കു കൊടിയിലയും ആയുധവും നല്‍കേണ്ടതു പുതിയപറമ്പന്‍ കാരണവരാണ്.പെരുങ്കളിയാട്ടത്തില്‍ കെട്ടിയാടുന്ന തെയ്യങ്ങളുടെ തിരുമുടി തീര്‍ക്കാനുള്ള കമുക് ഇന്നു പാലായിയില്‍ നിന്നു കൊണ്ടുവരും. അയ്യാകുന്നത്ത്, പാലാ കൊഴുവല്‍ കാവുകളിലെ കോയ്മ അവകാശമുള്ള നെച്ചിക്ക കുറുവാട്ട് തറവാട്ടുകാര്‍ നിര്‍ദ്ദേശിക്കുന്ന ലക്ഷണമൊത്ത കവുങ്ങാണ് ആചാരപരമായ ചടങ്ങുകളോടെ മുറിച്ചെടുക്കുക. നീലേശ്വരം ചീര്‍മക്കാവിലെ തളിയിലാശാരി കൊത്തിടുന്ന കവുങ്ങ് മുറിച്ചെടുത്തു നിലം തൊടാതെ പാലാ കൊഴുവല്‍ ക്ഷേത്രത്തിലെ വാല്യക്കാര്‍ ചുമലിലേറ്റി കഴകത്തിലെത്തിക്കും. ആചാരസ്ഥാനികരുടെ നേതൃത്വത്തില്‍ ഒരു തവണ അയ്യാകുന്നത്ത് ഭഗവതി ക്ഷേത്ര നടയില്‍ മാത്രം വെക്കുന്ന കവുങ്ങ് പാലായി ദേശക്കാര്‍ ചുമലിലേറ്റി വടയന്തൂര്‍ കാവിലെത്തിക്കും. തുടര്‍ന്ന് ആചാരസ്ഥാനികര്‍ക്കും വാല്യക്കാര്‍ക്കും അരിയളക്കും. 2020 ഫെബ്രുവരി 5 മുതല്‍ 11 വരെയാണ് പെരുങ്കളിയാട്ടം.

Post a Comment

0 Comments