കൊച്ചി: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരടില്‍ ഫ്ളാറ്റുകള്സ്ഫോടനത്തില് തകര്‍ക്കുന്നതിന് ചുക്കാന്‍ പിടിച്ചത് ത്രിമൂര്‍ത്തികള്‍. ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സ്, പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ).ഡോ. ആര്.വേണുഗോപാല്‍, സ്ഫോടന വിദഗ്ധന്‍ എസ്.ബി സര്‍വാതെ, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് എന്നിവരാണ് ഇവര്‍.
കളക്ടറുടെ എതിര്‍പ്പില്ലാരേഖയുമായി വന്ന കമ്പനിക്ക് സ്ഫോടനത്തിനുള്ള അനുമതി നല്‍കിയത് ആര്. വേണുഗോപാലാണ്. സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സ് കൊടുക്കുന്നത് മുതല്‍ ഗതാഗതം, കൈകാര്യംചെയ്യല്‍, ഫ്ളാറ്റുകളില്‍ സ്ഫോടകവസ്തുനിറയ്ക്കല് എന്നിവയ്ക്ക് നേരിട്ട് മേല്‍നോട്ടം വഹിച്ചു. ബ്ലാസ്റ്റിങ് പോയിന്റില്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഇരുനൂറോളം സ്ഫോടനം നടത്തി ഗിന്നസ് റെക്കോഡ് നേടിയിട്ടുള്ള മൈനിങ് എന്‍ജിനിയര്‍ എസ്.ബി സര്‍വാതെ. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയാണ്. സര്‍ക്കാര്‍നിയോഗിച്ച സാങ്കേതിക സമിതിയിലേക്ക് ഇദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. വലിയ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ നേരിട്ടുപരിചയമുള്ള ഒരാള്‍ വേണമെന്ന സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. നേരത്തേ രണ്ടുതവണവന്ന് പുരോഗതി വിലയിരുത്തി. ഇന്നലെ അദ്ദേഹം വീണ്ടും സ്ഥലത്തെത്തി ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി.
ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങിന് ഫ്ളാറ്റ് പൊളിക്കലിന്റെ ചുമതല പ്രത്യേകമായി നല്‍കുകയായിരുന്നു. 2016 ഐ.എ.എസ് ബാച്ചുകാരന്‍. ഐ.ഐ.ടി. റൂര്‍ക്കിയില്‍നിന്ന് സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടി. പൊളിക്കല്‍ ഏജന്‍സികളെ തീരുമാനിച്ചതും സമീപവാസികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതും മുതല്‍ സര്‍വാതെയെ വരുത്തിയതുവരെ സ്നേഹിലിന്റെ നേതൃത്വത്തിലാണ്.
0 Comments