നേപ്പാള്‍ ദുരന്തം: മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും


കോഴിക്കോട്: നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച വിനോദസഞ്ചാരികളായ എട്ടുമലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഒമ്പത് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങുമെന്നാണ് കാഠ്മണ്ഡു പൊലീസ് അറിയിച്ചിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തികരിച്ചാല്‍ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
ഇന്നലെ രാവിലെയാണ് നേപ്പാളിലെ ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), ടി.ബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒമ്പത്), അഭിനന്ദ് സൂര്യ (ഒമ്പത്), അഭി നായര്‍(ഏഴ്), വൈഷ്ണവ് രഞ്ജിത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്.ഇവരുടെ മൂത്ത മകന്‍ മാധവ് മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു.
മരണ കാരണം ഇവര്‍ താമസിച്ച മുറിയിലെ ഹീറ്ററില്‍നിന്നു പുറത്തു വന്ന കാര്‍ബണ്‍ മോണോക്‌സൈഡ് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കൊടും തണുപ്പായിരുന്നതിനാല്‍ ഇവര്‍ താമസിച്ച റിസോര്‍ട്ടിലെ എല്ലാ മുറികളിലും ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാര്‍ബണ്‍ മോണോക്‌സൈഡ് ലീക്ക് ചെയ്തതാണ് മരണകാരണമെന്നു കരുതുന്നു.
തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. ഒരു മുറിയില്‍ രണ്ട് ഭാഗത്തായാണ് എട്ട് പേരാണ് താമസിച്ചത്. വാതിലുകളും ജനാലകളും അടച്ച് ഉറങ്ങിയതിനാല്‍ രാവിലെ വാതില്‍ തുറക്കാതായപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് ഹോട്ടല്‍ അധികൃതര്‍ എത്തി മുറി തുറന്നപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന ഇവരെ കണ്ടെത്തിയത്.

Post a Comment

0 Comments