ചന്ദനക്കടത്ത് കേസ് : തുടരന്വേഷണം വനംവകുപ്പിന്; പ്രതികള്‍ റിമാന്റില്‍


നീലേശ്വരം : കൊല്ലത്തുനിന്ന് കടത്തിക്കൊണ്ടുവരികയായിരുന്ന 67 കിലോ ചന്ദനം നീലേശ്വരം പോലീസ് പിടികൂടിയ സംഭവം തുടരന്വേഷണത്തിനായി വനംവകുപ്പിന് കൈമാറി.
പിടിച്ചെടുത്ത 67 കിലോ ചന്ദനവും വനംവകുപ്പിന് കൈമാറി. കേസിന്റെ ഇതുവരെയുള്ള വിവരങ്ങളും ഫയലുകളും ഇതിനൊപ്പം ഏല്‍പ്പിച്ചു. പിടിയിലായ പ്രതികള്‍ കാസര്‍കോട് കൊളത്തൂര്‍ അരിയില്‍ കെ.കെ.മന്‍സിലിലെ കെ.കെ. മുഹമ്മദിന്റെ മകന്‍ ബി.മുഹമ്മദ് കുഞ്ഞി (31), തെക്കില്‍ ചട്ടഞ്ചാല്‍ ഹൗസിലെ കെ. മൊയ്തുവിന്റെ മകന്‍ ബി.മുഹമ്മദ് (37) എന്നിവരെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെ ദേശീയപാതയിലെ പടന്നക്കാട് റെയില്‍വേ ഗേറ്റിലാണ് മുന്‍കൂട്ടി ലഭിച്ച വിവരം അനുസരിച്ച് ചരക്കുലോറികള്‍ കുറുകെയിട്ടു തടഞ്ഞ് ചന്ദനം കടത്തിയ കാര്‍ പിടികൂടിയത്. കഴിഞ്ഞ അഞ്ച് ദിവസമായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു.

Post a Comment

0 Comments