വയലില്‍ മണ്ണിട്ട് നികത്തി കോട്ടച്ചേരിയില്‍ ആശുപത്രി നിര്‍മ്മാണം


കാഞ്ഞങ്ങാട്: നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി വയല്‍ മണ്ണിട്ടുനികത്തി നോര്‍ത്ത്‌കോട്ടച്ചേരിയില്‍ കൂറ്റന്‍ ആശുപത്രികെട്ടിടം പണിതുയര്‍ത്തുന്നു.
ആകാശ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ എതിര്‍വശത്തുനിന്നും വെള്ളായിപാലത്തിലേക്ക് പോകുന്ന റോഡിന്റെ തെക്കും, പഴയ ഖാജാ ടൂറിസ്റ്റ് ഹോമിന്റെ കിഴക്ക് ഭാഗത്തുമായാണ് അഞ്ചുനിലകളുള്ള കൂറ്റന്‍ സ്വകാര്യാശുപത്രികെട്ടിടം നിര്‍മ്മിക്കുന്നത്. ബല്ല വില്ലേജില്‍പ്പെട്ട 99/8, 101/2, 101/1 അ , 101/1 ആ,101/3 അ,101/3 ആ എന്നീ സര്‍വ്വേ നമ്പറുകളിലുള്ള മുക്കാല്‍ ഏക്കറോളം വയല്‍ മണ്ണിട്ടുനികത്തിയാണ് നിര്‍മ്മാണം നടത്തുന്നത്.
2008 ല്‍ സംസ്ഥാനത്ത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍വന്നു. 2008 ന് മുമ്പ് വയല്‍ മണ്ണിട്ടുനികത്തി വീടുവെച്ചവര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ഇതിനുശേഷം വയല്‍നികത്തി കെട്ടിടം നിര്‍മ്മിക്കാന്‍ കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനവും പെര്‍മിറ്റ് നല്‍കുന്നില്ല. എന്നാല്‍ കച്ചവടാവശ്യത്തിന് കോട്ടച്ചേരി വയലില്‍ 2552 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ 2013 ജനുവരി 15 നാണ് സ്വകാര്യാശുപത്രി ഉടമകള്‍ കാഞ്ഞങ്ങാട് നഗരസഭയില്‍നിന്നും പെര്‍മിറ്റെടുത്തിരിക്കുന്നത്. എം.പി ഹസീന നഗരസഭാ ചെയര്‍പേഴ്‌സണായിരിക്കെ നഗരസഭാ എഞ്ചിനീയര്‍ ഗണേശന് ഏതാനും ആഴ്ചത്തേക്ക് മുനിസിപ്പല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു. ഇക്കാലത്ത് ഒന്നും നോക്കാതെ ഗണേശന്‍ നിരവധി കെട്ടിടനിര്‍മ്മാണ പെര്‍മിറ്റുകള്‍ നല്‍കി. നമ്പര്‍ കൊടുക്കാന്‍ കഴിയാത്ത നിരവധി കെട്ടിടങ്ങള്‍ക്ക് നമ്പറുകളും നല്‍കി. സ്വകാര്യാശുപത്രി നിര്‍മ്മിക്കാനും 'ഗണേശന്‍ പെര്‍മിറ്റാണ്' ഉപയോഗപ്പെടുത്തിയതെന്നാണ് കരുതുന്നത്.
അബ്ദുള്ളയുടെ മകള്‍ എം.സുഹ്‌റ, എം.മുഹമ്മദിന്റെ മകന്‍ സി.എം.ജലീല്‍ എന്നിവരുടെ പേരിലാണ് സ്വകാര്യാശുപത്രി ലോബി കെട്ടിടനിര്‍മ്മാണത്തിന് പെര്‍മിറ്റെടുത്തത്. വയലില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ നഗരസഭാ പെര്‍മിറ്റ് നല്‍കിയാല്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കി പിന്നീട് കോടതിയെ സമീപിച്ചാല്‍ മതിയെന്നാണ് ആശുപത്രികെട്ടിട ഉടമകള്‍ക്ക് ലഭിച്ച നിയമോപദേശം. കാഞ്ഞങ്ങാട് നഗരസഭാ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാരാധാകൃഷ്ണന്റെ വീടിനോട് ചേര്‍ന്നാണ് അനധികൃത കെട്ടിനിര്‍മ്മാണം പുരോഗമിക്കുന്നത്.
സമീപത്തെ വീടുകളേക്കാള്‍ പതിനഞ്ചടി ഉയരത്തില്‍ മണ്ണിട്ടുനികത്തി മതില്‍ കെട്ടിയതോടെ സമീപവാസികളും കടുത്ത ആശങ്കയിലാണ്. ആശുപത്രിമതിലിന്റെ ഓരം ചേര്‍ന്നാണ് കോട്ടച്ചേരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളടക്കം നിത്യവും നൂറുകണക്കിനാളുകള്‍ പോവുകയും വരികയും ചെയ്യുന്നത്. മതില്‍ ഇടിയുമെന്ന ഭീതി നിലനില്‍ക്കുന്നതോടൊപ്പം വര്‍ഷകാലത്ത് വയലില്‍ വെള്ളം ഉയര്‍ന്ന് വീടുകള്‍ വെള്ളത്തിലാവുമെന്ന ഭയവും സമീപത്തെ കുടുംബങ്ങള്‍ക്കുണ്ട്. ഈ ചട്ടലംഘനങ്ങളെല്ലാം പരിസ്ഥിതിവാദികളും രാഷ്ട്രീയ പാര്‍ട്ടികളും കണ്ടില്ലെന്ന് നടിക്കുന്നതാണ് ഏറെ വിചിത്രം. ആശുപത്രിലോബി കോടീശ്വരന്മാരാണ് എന്നതാണ് പരിസ്ഥിതിവാദികളും രാഷ്ട്രീയപാര്‍ട്ടികളും ഇവര്‍ക്ക് നല്‍കുന്ന പ്രധാന പരിഗണന. ചെമ്മണ്‍കൂന കണ്ടാല്‍ അവിടെ കൊടിനാട്ടുന്ന ശീലമുള്ള യുവജന സംഘടനയും ഇതിനെതിരെ മുഖം തിരിക്കുകയാണ്.

Post a Comment

0 Comments