ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന് മുസ്ലീം ലീഗ് അഭിവാദ്യം: ചെറുവത്തൂരില്‍ ലീഗിലും യൂത്ത്‌ലീഗിലും മുറുമുറുപ്പ്


ചെറുവത്തൂര്‍ : ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ചിന് മുസ്‌ലിം ലീഗ് അഭിവാദ്യമര്‍പ്പിച്ചതിനെതിരെ യൂത്ത് ലീഗിലും മൂത്തലീഗിലും പ്രതിഷേധം.
ഇന്ത്യ കീഴടങ്ങില്ല, നമ്മള്‍ നിശബ്ദരാവില്ലെന്ന മുദ്രാവാക്യമുയര്‍ത്തി ചെറുവത്തൂര്‍ മയ്യിച്ചയില്‍ നിന്ന് പടന്നയിലേക്ക് നടത്തിയ മാര്‍ച്ചിന് പയ്യങ്കി ലീഗ് ഓഫീസിനുസമീപമാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചത്. മാര്‍ച്ച് കടന്നു പോയ വഴിയുടെ അരികില്‍ പാര്‍ട്ടി പതാകയുമേന്തി നിന്നായിരുന്നു അഭിവാദ്യം. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതി പ്രശ്‌നത്തില്‍ നിയമസഭയ്ക്കകത്തു മാത്രം ഇടതുപാര്‍ട്ടികളുമായി കൈകോര്‍ക്കാനും പുറത്ത് സ്വന്തം മുന്നണിയിലെ ഘടകകക്ഷികളുമായി മാത്രം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തീരുമാനിച്ചതിനുപിന്നാലെയാണ് ചെറുവത്തൂരില്‍ ഇത് അട്ടിമറിച്ചത്.
ചെറുവത്തൂര്‍ മടക്കരയില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് സിപിഎം വിട്ടു ലീഗിലെത്തിയ തുരുത്തിയിലെ ടി.സി.റഹ്മാന്റെ നിര്‍ബന്ധത്തിലാണ് ഇതെന്നും അറിയുന്നു. മണ്ഡലം ഭാരവാഹിയായ പി.കെ.സി.റൗഫ് ഹാജി, ടി.സി.റഹ്മാന്‍, പൊറായ്ക്ക് മുഹമ്മദ്, ഷംസുദ്ദീന്‍ കോളയത്ത്, മഹമൂദ് ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് ഡിവൈഎഫ്‌ഐ ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിച്ചത്. ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ഇവര്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ നിന്നിറങ്ങി വരികയായിരുന്നു. മറ്റുള്ളവര്‍ ഇതില്‍ സഹകരിക്കാതെ ഓഫീസില്‍ തന്നെ ഇരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ലീഗ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ നിരന്തര അക്രമത്തെ പ്രതിരോധിച്ചു പാര്‍ട്ടി നിലനിര്‍ത്താന്‍ പാടുപെടുന്ന പയ്യങ്കിയില്‍ സിപിഎം യുവജനസംഘടനയുടെ ജാഥയ്ക്ക് ലീഗ് നേതാക്കള്‍ പരസ്യമായി അഭിവാദ്യമര്‍പ്പിച്ചത് യൂത്ത് ലീഗിലും പൊട്ടിത്തെറിക്കിടയാക്കിയിട്ടുണ്ട്.

Post a Comment

0 Comments