കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ശാരീരികവും മാനസീകവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി നിര്‍മ്മിക്കുന്ന പുനരധിവാസ ഗ്രാമത്തിന് ഫെബ്രുവരി 8ന് മന്ത്രി കെ.കെ ശൈലജ തറക്കല്ലിടും.
മുളിയാര്‍ പഞ്ചായത്തിലെ പ്ലാന്റേഷന് കോര്പ്പറേഷന് വിട്ട് നല്കിയ 25 ഏക്കര്‍ സ്ഥലത്താണ് പുനരധിവാസ ഗ്രാമം ഒരുങ്ങുന്നത്. ദുരന്ത ബാധിതരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്രയമാകുന്ന പുനരധിവാസ ഗ്രാമത്തില്‍ വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള തീവ്ര പദ്ധതികള്‍ നടപ്പിലായി വരികയാണ്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 58.75 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന പുനരധിവാസ ഗ്രാമത്തില്‍ ദുരിത ബാധിതര്‍ക്കൊപ്പം ശാരീരിക, മാനസീക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും പ്രത്യകം സൗകര്യമൊരുക്കും.
വീടുകള്‍, വൈദ്യസഹായത്തിന് വിദഗ്ധ സംഘം, തൊഴില്‍ പരിശീലനം, ഫിസിക്കല്‍ റീഹാബിലേഷന്‍ സെന്റര്‍, വ്യക്ത്യധിഷ്ടിത ശാരീരിക, മാനസീക വികസനത്തിനുള്ള കോഴ്സുകള്‍, ഷോര്‍ട്ട് സ്റ്റേ തുടങ്ങിയ സംവിധാനങ്ങള്‍ ഗ്രാമത്തില്‍ ലഭിക്കും. ആദ്യഘട്ടത്തില്‍ ക്ലിനിക്കല്‍ യൂണിറ്റ്, ഡോര്‍മട്ടറി, ഫോസ്റ്റര്‍ കെയര്‍ യൂണിറ്റ്, ഭവന സമുച്ഛയം എന്നിവ പണികഴിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ ആഫിം തിയേറ്റര്‍, ലൈബ്രറി, ഓപ്പണ്‍ തിയേറ്റര്‍, അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, ഓഡിറ്റോറിയം എന്നിവയും നിര്‍മ്മിക്കും.
0 Comments