ഉദ്യോഗസ്ഥന്‍ കാറില്‍ മരണപ്പെട്ടത് ഹൃദയാഘാതം മൂലം


ബേക്കല്‍ : കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ റിജോ ഏഞ്ചല്‍ ഫ്രാന്‍സിസിന്റെ (36) മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്.
പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇക്കാര്യം മെഡിക്കല്‍ റിപ്പോര്‍ട്ടായി അടുത്ത ദിവസം തന്നെ ബേക്കല്‍ പോലീസിന് കൈമാറും. തുടര്‍ന്ന് ഇക്കാര്യം ആര്‍ഡിഒ കോടതിയെ അറിയിച്ച് ആര്‍ഡിഒ കോടതിയാണ് കേസ് അവസാനിപ്പിക്കേണ്ടത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ബേക്കല്‍ ജംഗ്ഷനിലാണ് ഇദ്ദേഹത്തെ നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയില്‍ കണ്ടത്. നാട്ടുകാരും പോലീസും ഉദുമ നഴ്‌സിങ് ഹോമില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമെന്ന് അപ്പോള്‍ തന്നെ സംശയം ഉയര്‍ന്നിരുന്നു.ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം കുടുംബസമേതം കാസര്‍കോടായിരുന്നു താമസം. റോഡ് അരികില്‍ പാര്‍ക്കിങ് ലൈറ്റിട്ട് ഓഫ് ചെയ്യാത്ത നിലയിലായിരുന്നു കാര്‍. കാര്‍ കിടന്ന സ്ഥലം ബേക്കല്‍ എസ്‌ഐ പി.അജിത് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് ഹൃദയാഘാതം ഉണ്ടായ ഇദ്ദേഹത്തിന് ബ്ലോക്കും ഉണ്ടായിരുന്നു. ശാരീരികാസ്വാസ്ഥ്യം തോന്നിയ സമയത്ത് കാര്‍ റോഡ് അരികു ചേര്‍ത്തു നിര്‍ത്തി പാര്‍ക്കിങ് ലൈറ്റ് ഇടുകയായിരുന്നുവെന്നു സംശയിക്കുന്നു. സീറ്റ് ബെല്‍റ്റ് ഇട്ട് അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ കാറില്‍ കണ്ടെത്തിയത്.

Post a Comment

0 Comments