മരട് പാഠമാവണം; കൂടുതല്‍ കയ്യേറ്റങ്ങളുണ്ട്; നടപടി ഉടനില്ല


തിരുവനന്തപുരം: മരട് പാഠമാകണമെന്നും ദൗത്യം ജയിച്ചതില്‍ സന്തോഷമെന്നും ചീഫ് സെക്രട്ടറി ടോം ജോസ്. എന്നാല്‍ ഫ്‌ളാറ്റ് ഉടമകളുടെ കാര്യത്തില്‍ വിഷമമുണ്ടെന്നും ടോം ജോസ് പറഞ്ഞു. കൂടുതല്‍ കയ്യേറ്റങ്ങളില്‍ റിപ്പോര്‍ട്ട് ഉടനില്ലെന്നാണ് ടോം ജോസ് വിശദീകരിക്കുന്നത്. പരിശോധനയ്ക്ക് സാവകാശം വേണം, റിപ്പോര്‍ട്ട് വൈകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നതില്‍ തീരുമാനം വിധിപകര്‍പ്പ് കിട്ടിയശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരടിലെ ഫ്‌ളാറ്റുകള്‍ക്ക് പിന്നാലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയാനാണ് സുപ്രീംകോടതി ഉത്തരവ്. തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു കളയാന്‍ നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.
മരടിലെ ഫ്‌ളാറ്റ് പൊളിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉടമകള്‍ക്കെന്നാണ് ടോം ജോസ് വിശദീകരിക്കുന്നത്. എന്നാല്‍ മരടിലെ ഭൂമി ഫ്‌ളാറ്റ് ഉടമകള്‍ക്ക് നിയമ പ്രകാരം വിട്ട് നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും ഇതേ ഭൂമിയില്‍ പുതിയ നിര്‍മ്മാണം നടത്തണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. സിആര്‍സെഡ് നിയമത്തിന്റെ നഗ്‌നമായ ലംഘനം ഉണ്ടെന്ന് കണ്ടെത്തിയായിരുന്നു മരടിലെ നാല് പാര്‍പ്പിട സമുച്ഛയങ്ങള്‍ പൊളിച്ച് നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. വിധി നടപ്പാക്കിയതിന് പിറകെ ഭൂമി വേഗത്തില്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഉടമകള്‍ രംഗത്ത് വിന്നിട്ടുണ്ട്.
ഹോളി ഫെയ്ത്തിന് 98.49 സെന്റ് ഭൂമിയും ആല്‍ഫ വെഞ്ചേഴ്‌സിന് 113 സെന്റ് ഭൂമിയും , ജെയിന്‍ കോറല്‍ കോവിനും 171.35 സെന്റ് ഭൂമിയുമാണുള്ളത്. അരയേക്കറോളം ഭൂമിയുള്ള ഗോള്‍ഡന്‍ കായലോരത്തിന് മാത്രമാണ് കുറവ് ഭൂമി. സിആര്‍സെഡ് 2 ല്‍ ഉള്‍പെടുന്ന സ്ഥലത്ത് കായലില്‍നിന്ന് 50 മീറ്റര്‍ വിട്ടാലും കെട്ടിടം പണിയാന്‍ ആവശ്യത്തിന് സ്ഥലം ഉണ്ടെന്നാണ് ഉടമകളുടെ അവകാശവാദം. എന്നാല്‍ ഭൂവുടമകളെ കാത്ത് മറ്റ് നിയമ പ്രശ്‌നങ്ങളാണുള്ളത്.

Post a Comment

0 Comments