അമേരിക്ക- ഇറാന്‍ സംഘര്‍ഷം; ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധന


തിരുവനന്തപുരം: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള ഇറാനെതിരെ, ബാഗ്ദാദില്‍ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളെ തുടര്‍ന്നാണ് ഇപ്പോഴത്തെ വര്‍ധനയെന്നാണ് കരുതുന്നത്. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നു. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിന് 3.55 ശതമാനം വില ഉയര്‍ന്ന് 68.60 ഡോളറില്‍ എത്തി.
കേരളത്തില്‍ ഇന്ന് പെട്രോളിന് 10 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് ഇതോടെ വില 77.47 ആയി. ഡീസലിന് 16 പൈസ ഉയര്‍ന്ന് 72.12 ആയി. ഇന്നലെ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 3.06 ശതമാനം വില കൂടിയിരുന്നു. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 2.88 ശതമാനം കൂടി 62.94 ല്‍ എത്തി. ഏഴ് മാസത്തെ ഉയര്‍ന്ന നിരക്കായിരുന്നു ക്രൂഡ് ഓയിലിന് ഇന്നലെ രേഖപ്പെടുത്തിയത്.
ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദകരാണ് ഇറാന്‍. ഒരിടവേളക്ക് ശേഷമുണ്ടായ അമേരിക്ക ഇറാന്‍ ഇറാഖ് സംഘര്‍ഷമാണ് വീണ്ടും എണ്ണവില കുതിക്കുന്നതിന് കാരണമായത്. ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരല്‍ ക്രൂഡ്ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരുമിത്.

Post a Comment

0 Comments