നവ്യാനുഭവമായി അഗ്‌നിരക്ഷാ സേനയുടെ ജീവന്‍ രക്ഷാസൂത്രം


കാഞ്ഞങ്ങാട് : അത്യാഹിതത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കണ പരിപാടി 'ജീവന്‍ രക്ഷാസൂത്രം' നവ്യാനുഭവമായി.
അഗ്‌നിബാധയുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന ഫയര്‍ ഓഫീസര്‍മാര്‍ ശക്തിയായി വെള്ളം ചീറ്റി തീയണക്കുന്നത് സ്‌കൂള്‍ മുറ്റത്ത് നിന്ന് തന്നെ നേരിട്ട് കണ്ടപ്പോള്‍ ഭീതി വിസ്മയത്തിന് വഴിമാറി. കുട്ടികള്‍ ചിരിച്ചും പരസ്പരം കൈയടിച്ചും പ്രോത്സാഹിപ്പിച്ചു.
ഫയര്‍ എക്സ്റ്റിംഗ്വിഷര്‍, കെട്ടിടത്തിന് മുകളില്‍ പെട്ടവരെ സുരക്ഷിതമായി താഴെ ഇറക്കുന്ന ചെയര്‍നോട്ട്, തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് പരിശീലനവും നല്‍കി. ദുരന്തങ്ങളില്‍ സമയോചിതമായി ഇടപെടുന്നതിനു പുറമെ അപകടത്തില്‍ പെട്ടവരെ എങ്ങനെ രക്ഷിക്കാമെന്നും പരിപാടിയിലൂടെ കുട്ടികള്‍ പരിശീലിച്ചു. രക്ഷാമാര്‍ഗ്ഗത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയ ഉദ്യോഗസ്ഥരെ സല്യൂട്ട് നല്‍കിയാണ് കുട്ടികള്‍ യാത്രയാക്കിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് സ്റ്റേഷന്‍ ഓഫിസര്‍ അറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.പ്രഭാകരന്‍ ബോധവല്‍കരണ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അധ്യക്ഷത വഹിച്ചു. അസി.സ്റ്റേഷന്‍ ഓഫീസര്‍ മാവില ഗോപാലകൃഷ്ണന്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ.ടി.ചന്ദ്രന്‍ ,വി.വി.ദിലീപ്, ഡി.എല്‍.ദിനയന്‍ ,പി.സന്തോഷ് കുമാര്‍, സി.നരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments