മരടില്‍ എല്ലാം ഒരുങ്ങി, നാളെ മോക്ഡ്രില്‍


കൊച്ചി: മരടിലെ ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചതിന് പിന്നാലെ ബ്ലാസ്റ്റിംഗ് ഷെഡുക്കളുടെയും കണ്‍ട്രോള്‍ റൂമിന്റെയും നിര്‍മ്മാണം ഇന്ന് തുടങ്ങും. മരട് നഗരസഭ ഓഫീസിലായിരിക്കും കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നത്. ഇതിനിടെ ആല്‍ഫ സെറിന്‍ ഫ്‌ളാറ്റില്‍ സ്‌ഫോടനം നടത്തുന്ന സമയത്തില്‍ നേരിയ മാറ്റമുണ്ടാകുമെന്ന് പൊളിക്കല്‍ ചുമതലയുള്ള കമ്പനികള്‍ അറിയിച്ചു.
ജനുവരി 11 നും 12 നും പൊളിച്ച് നീക്കേണ്ട ഫ്‌ളാറ്റുകളിലെല്ലാം ഇന്നലെതന്നെ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഫ്‌ളാറ്റുകളില്‍ എല്ലാം സ്‌ഫോടകവിദഗ്ധര്‍ വിശദമായ സുരക്ഷാ പരിശോധന നടത്തുകയാണിപ്പോള്‍. ആദ്യദിനം സ്‌ഫോടനം നടത്തുന്ന ആല്‍ഫ സെറീന്‍ ഇരട്ടക്കെട്ടിടങ്ങളാണ് സ്‌ഫോടക വിദഗ്ധര്‍ ആദ്യം പരിശോധിച്ചത്. ഇവിടത്തെ സ്‌ഫോടന ക്രമീകരണങ്ങള്‍ വിശദമായിത്തന്നെ വിലയിരുത്തി. പെസോ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍ വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ആല്‍ഫ സെറീന്റെ സ്‌ഫോടന സമയത്തില്‍ ചെറിയ മാറ്റം ഉണ്ടാകും എന്ന് ആര്‍ വേണുഗോപാലും സ്ഥിരീകരിച്ചു. ഹോളിഫെയ്ത്തിലെ സ്‌ഫോടനത്തിന് ശേഷം പൊടിപടലം അടങ്ങിയാലുടന്‍ ആല്‍ഫയില്‍ സ്‌ഫോടനം നടത്തുമെന്നും പെസോ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഇനിയുള്ളത് ഫ്‌ളാറ്റുകളെ ബ്ലാസ്റ്റിംഗ് ഷെഡുമായി ബന്ധിപ്പിക്കുന്ന ജോലിയാണ്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന ഫ്‌ളാറ്റുകളില്‍ നിന്ന് നൂറ് മീറ്റര്‍ മാറിയാണ് ഓരോ ഷെഡ്ഡും പണിയുന്നത്. പൊളിക്കല്‍ ചുമതലയുള്ള വിദഗ്ധര്‍മാത്രമാണ് ഷെഡ്ഡിലുണ്ടാകുക.
ഈ ഷെഡില്‍ സ്ഥാപിച്ച ബ്ലാസ്റ്റിംഗ് എക്‌സ്‌പ്ലോഡര്‍ സ്വിച്ച് ഓണ്‍ ചെയ്യുമ്പോഴാണ് ഡിറ്റനേറ്ററിലൂടെ വൈദ്യുതി പ്രവഹിക്കുന്നതും സ്‌ഫോടനം തുടങ്ങുന്നതും.
പെസോയുടെ അംഗീകാരമുള്ള ഒരു വിദഗ്ധനാണ് ഈ ഉപകരണം കൈകാര്യം ചെയ്യുന്നത്. ഓരോ ഫ്‌ളാറ്റിനും പ്രത്യേക ബ്ലാസ്റ്റിംഗ് ഷെഡ്ഡുണ്ടാകും. ബ്ലാസ്റ്റിംഗ് ഷെഡിനെ മരട് നഗരസഭ ഓഫീസിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും.
ഫ്‌ളാറ്റുകളിലെ ദൃശ്യങ്ങള്‍ ഈ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും. ഇവിടുത്തെ നിര്‍ദ്ദേശം അനുസരിച്ചാകും സ്‌ഫോടനം. ആദ്യ സ്‌ഫോടനം നടത്തുന്നത് 11 മണിക്ക് ഹോളി ഫെയ്ത്തിലാണ്. 11 മണിക്ക് തന്നെ സ്‌ഫോടനം നടത്തനാണ് പദ്ധതി. രണ്ടാമത് പൊളിച്ച് നീക്കേണ്ടആല്‍ഫ സെറിന്‍ ഇരട്ട കെട്ടിടമാണ്. നേരത്തെ 11.05 ന് ഇവിടെ സ്‌ഫോടനം നടത്തുമെന്നാണ് അറിയിച്ചതെങ്കില്‍ നിലവിലുള്ള സാഹചര്യത്തില്‍ 11.15നും 11.30നും ഇടയിലുള്ള സമയത്താകും അടുത്ത സ്‌ഫോടനമെന്ന് വിദഗ്ധര്‍ പറയുന്നു.
''11 മണിക്ക് തന്നെ സ്‌ഫോടനം നടക്കും. അത് രണ്ട് മിനിറ്റ് കൊണ്ട് അവസാനിക്കും. അതിന് ശേഷം എല്ലാ തരത്തിലും പൊടിപടലങ്ങള്‍ അടങ്ങി സൈറ്റിലേക്ക് പോകാമെന്ന സ്ഥിതിയായാല്‍ ഉടനടി സൈറ്റില്‍ പോയി പരിശോധന നടത്തും. എല്ലാം ഓക്കെയാണെങ്കില്‍ ഒരു സൈറണ്‍ മുഴങ്ങും, എല്ലാം സുരക്ഷിതമാണെന്നതിന്റെ സൂചനയാണിത്. ഏതാണ്ട് 11.10 ഓടെ അത് പൂര്‍ത്തിയാക്കും. ഹോളി ഫെയ്ത്ത് സുരക്ഷിതമായി പൊളിച്ചു കഴിഞ്ഞാല്‍ ഉടനടി വിവരം കണ്‍ട്രോള്‍ റൂമിന് കൈമാറും. ഫയര്‍ ടെണ്ടറുകളടക്കമുള്ള ഞങ്ങളുടെ സംഘം ആല്‍ഫായിലേക്ക് പോകും. അവിടെ രണ്ടാമത്തെ സ്‌ഫോടനവും സമാനമായ രീതിയില്‍ നടക്കും. നാല് മണിക്കൂര്‍ കൊണ്ട് ആദ്യദിനമുള്ള ഫ്‌ളാറ്റ് പൊളിക്കലിന്റെ നടപടികള്‍ പൂര്‍ത്തിയാകും'', എന്ന് പൊളിക്കലിന്റെ ചുമതലയുള്ള എഡിഫൈസിന്റെ വിദഗ്ധന്‍ ഉത്കര്‍ഷ് മേത്ത പറയുന്നു.

Post a Comment

0 Comments