രൂപശ്രീയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്


ഉപ്പള: ഏതാനും ദിവസം മുമ്പ് കോയിപ്പാടി കടപ്പുറത്ത് മിയാപ്പദവ് സ്‌കൂള്‍ അധ്യാപിക രൂപശ്രീയെ (50) മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നു.
മരണം കൊലപാതകമാണെന്ന് ഉറച്ചുവിശ്വസിക്കുകയാണ് ഭര്‍ത്താവ് ചന്ദ്രനും ബന്ധുക്കളും. അധ്യാപികയുമായി അടുപ്പമുണ്ടായിരുന്ന അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും കേസന്വേഷണത്തിന് സഹായകരമായ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. കാണാതായ അധ്യാപികയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനായാല്‍ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ലോക്കല്‍ പോലീസ്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച അധ്യാപകനുമായുള്ള ബന്ധം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ പരിശോധനകളില്‍ നിന്നും ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം. ഫോണ്‍ ലൊക്കേഷന്‍ കാണിച്ചിരുന്ന ബേരിക്കയില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചല്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രൂപശ്രീയുടെ ശ്വാസകോശത്തില്‍ അമിതമായി കടല്‍വെള്ളം കയറിയതായി പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.
ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവും ഇല്ലെന്നും ആത്മഹത്യയാണെങ്കില്‍ പ്രേരണ നല്‍കിയവര്‍ക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വിവസ്ത്രയായ നിലയിലും മുടി മുറിച്ചുമാറ്റിയ നിലയിലുമാണ് കടപ്പുറത്ത് മൃതദേഹം കാണപ്പെട്ടത്. ഒരു വിവാഹവീട്ടിലും തുടര്‍ന്ന് സ്വന്തം കുട്ടി പഠിക്കുന്ന സ്‌കൂളിലും പോയശേഷമാണ് അധ്യാപികയെ കാണാതായത്. അന്ന് വൈകുന്നേരം മറ്റൊരു സ്ത്രീയുടെ കൂടെ അധ്യാപികയെ കണ്ടവരുണ്ട്. ഇവരെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി.

Post a Comment

0 Comments