ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷാംഗങ്ങള്‍ക്ക് എതിരെ നടപടിയില്ലെന്ന് നിയമസഭാ സ്പീക്കര്‍


തിരുവനന്തപുരം: ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷാംഗങ്ങള്‍ക്ക് എതിരെ ഇപ്പോള്‍ നടപടി ആലോചിക്കുന്നില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.
എന്നാല്‍ ഗവര്‍ണറെ തടയുന്ന രീതിയിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ പോകരുതെന്നായിരുന്നു തന്റെ അഭിപ്രായമെന്നും പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. വാച്ച് ആന്റ് വാര്‍ഡ് പ്രതിപക്ഷാംഗങ്ങളെ കൈയേറ്റം ചെയ്‌തെന്ന പരാതി വിശദമായി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ്, പൗരത്വ നിയമഭേദഗതിക്ക് എതിരായ വിമര്‍ശനങ്ങളുള്ള നയപ്രഖ്യാപനപ്രസംഗത്തിന്റെ 18-ാം ഖണ്ഡിക വായിച്ചത്. ഇതില്‍ ഗവര്‍ണര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത് സഭാരേഖകളില്‍ ഉള്‍പ്പെടുത്തില്ലെന്നും, നയപ്രഖ്യാപനം മാത്രം പൂര്‍ണരൂപത്തില്‍ ഉള്‍പ്പെടുത്തുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ബജറ്റ് സമ്മേളനം തുടങ്ങുന്ന ബുധനാഴ്ച രാവിലെയും രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അനാവശ്യപ്രതിസന്ധികള്‍ ഒഴിവാക്കാന്‍ ഈ ഭാഗം വായിക്കാതെ വിടരുതെന്ന് രാവിലെയും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത് പ്രകാരമാണ്, തല്‍ക്കാലം വ്യക്തിപരമായ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമര്‍ശങ്ങള്‍ വായിക്കാമെന്ന് ഗവര്‍ണര്‍ തീരുമാനിച്ചത്.

Post a Comment

0 Comments