നീലേശ്വരം : ആറു ടയറുകളും ഊരിമാറ്റി ഉപേക്ഷിക്കപ്പെട്ട നിലയില്‍ നീലേശ്വരം കരുവാച്ചേരി ദേശീയപാതയോരത്ത് കണ്ടെത്തിയ ലോറി ഒടുവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി അധികൃതര്‍ എത്തി കൊണ്ടുപോയി.
ആഴ്ചകളായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന നാഗാലാന്‍ഡ് രജിസ്ട്രേഷനിലുള്ള എന്‍എല്‍ 01 എഡി 5671 നമ്പര്‍ ലോറി ദുരൂഹതയുയര്‍ത്തുന്ന കാര്യം കഴിഞ്ഞ ദിവസം ജന്മദേശം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെത്തുകല്ലു വെച്ച് ഉയര്‍ത്തി ടയര്‍ ഊരിമാറ്റിയതോടെ അപകടനിലയില്‍ ചെരിഞ്ഞു നില്‍ക്കുകയായിരുന്ന ലോറി നീലേശ്വരം എസ്ഐ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ക്രെയിന്‍ ഉപയോഗിച്ച് റോഡ് അരികില്‍ നിന്ന് മാറ്റിയിട്ടിരുന്നു. പള്ളിക്കരയിലെ മേല്‍പ്പാലം നിര്‍മ്മാണ സൈറ്റില്‍ നിന്നു ക്രെയിന്‍ എത്തിച്ചാണ് ലോറി നീക്കിയിട്ടത്.
ലോറിയില്‍ രേഖപ്പെടുത്തിയിരുന്ന നമ്പറില്‍ ഉടമസ്ഥരായ മുംബൈയിലെ കിഷോര്‍ ട്രാന്‍സ്പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കമ്പനി ജീവനക്കാര്‍ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി ടയറുകള്‍ ഇട്ട് ലോറി കൊണ്ടുപോവുകയായിരുന്നു. തൃശൂര്‍ സ്വദേശി ലിഷന്‍ എന്ന ഡ്രൈവറെയാണ് ലോറി ഏല്‍പ്പിച്ചിരുന്നതെന്നും കുറച്ചു ദിവസം മുമ്പ് ഫോണില്‍ വിളിച്ച് സുഖമില്ലെന്നറിയിച്ചതല്ലാതെ മറ്റു വിവരങ്ങളില്ലെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു. മുംബൈയില്‍ ചെന്ന് കമ്പനി മേലുദ്യോഗസ്ഥരുമായി ആലോചിച്ച് ആവശ്യമെങ്കില്‍ അവിടെ കേസ് ഫയല്‍ ചെയ്യുമെന്നും ഇവര്‍ പോലീസിനെ അറിയിച്ചു.
0 Comments