ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വലിയ എതിര്‍പ്പുകള്‍ക്ക് കാരണമായി മാറുമ്പോള്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തെ ഒഴിവാക്കി കേന്ദ്രം. പരേഡില്‍നിന്നും കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കി. രാഷ്ട്രീയമായി വലിയ വിവാദത്തിന് വഴി തെളിച്ചിരിക്കുന്ന കാര്യത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളത്തെ പരേഡില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലുകളുടെ ഭാഗമായിട്ടാണ് കേരളത്തെ ഒഴിവാക്കിയതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
റിപ്പബ്ലിക് ദിന പരേഡില്‍ ഉള്‍പ്പെടുത്തേണ്ട നിശ്ചല ദൃശ്യങ്ങളുടെ പട്ടികയില്‍ വള്ളംകളി, കഥകളി, മോഹിനിയാട്ടം, കലാമണ്ഡലം, ആനയെഴുന്നെള്ളിപ്പ്, തെയ്യവും ഉള്‍പ്പെടുന്ന നിശ്ചല ദൃശ്യമായിരുന്നു കേരളം അവതരിപ്പിക്കാന്‍ ഇരുന്നത്. എന്നാല്‍ പ്രതിരോധമന്ത്രാലയത്തിന്റെ പരിശോധനയുടെ മൂന്നാം റൗണ്ടില്‍ കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരളത്തെ ഒഴിവാക്കുന്നത്. കഴിഞ്ഞ വര്‍ഷം വൈക്കം സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംബരം സംബന്ധിച്ച നിശ്ചല ദൃശ്യമാണ് കേരളം തയ്യാറാക്കിയത്. ഫ്ളോട്ട് ഒഴിവാക്കാനുള്ള വ്യക്തമായ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നിശ്ചലദൃശ്യം തള്ളിയെന്ന ഔദ്യോഗിക വിവരങ്ങളും ഇതുവരെ കേന്ദ്രം പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ വര്‍ഷവും നിശ്ചലദൃശ്യം തള്ളിയതുമായി ബന്ധപ്പെട്ട കൃത്യമായ കാരണം കേന്ദ്രം പറഞ്ഞിട്ടില്ല. കേരളത്തിന്റെ സാംസ്ക്കാരിക തനിമ ഇല്ലെന്ന് മാത്രമായിരുന്നു പറഞ്ഞത്. സമാന അനുഭവമാണ് ഇത്തവണയും ഉണ്ടായിരിക്കുന്നത്. മൊത്തം അഞ്ച് റൗണ്ടാണ് ജൂറി പരിശോധനകള്‍ നടത്തുന്നത്. ഇതില്‍ ആദ്യ രണ്ട് റൗണ്ടിലും കേരളത്തിന്റെ ഫ്ളോട്ടിന് ജൂറി അനുമതി നല്‍കിയിരുന്നെങ്കിലും മൂന്നാം റൗണ്ടില്‍ തള്ളുകയായിരുന്നു. ഇതിന് മതിയായ കാരണം പറഞ്ഞിട്ടുമില്ല. നേരത്തേ പശ്ചിമ ബംഗാളിനെയും മഹാരാഷ്ട്രയേയും പഞ്ചാബിനെയും ഒഴിവാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെ ആസ്പദമാക്കി എന്നുള്ളതാണ് ബംഗാളിനെ തള്ളാന്‍ കാരണമായി പറഞ്ഞിരിക്കുന്നത്.
0 Comments