മത്സ്യലോറിയില്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍


കാസര്‍കോട്: മീന്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതോടെ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. അറസ്റ്റിലായ മുഖ്യപ്രതി ബന്തിയോട് ബൈതലയിലെ താമസക്കാരനും ഷിറിയ വീരനഗര്‍ സ്വദേശിയുമായ അബ്ദുല്‍ ലത്വീഫിനെ (23) ടൗണ്‍ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
ജനുവരി 15ന് ബുധനാഴ്ച വൈകീട്ട് ഉളിയത്തടുക്കയ്ക്ക് സമീപം ടൗണ്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കാസര്‍കോട് ഭാഗത്ത് നിന്ന് എത്തിയ മിനിലോറിയും ബൈക്കും നിര്‍ത്താതെ പോയത്. പോലീസ് വാഹനത്തില്‍ പിന്തുടര്‍ന്നപ്പോള്‍ ഡയറ്റ് കോമ്പൗണ്ടിലേക്ക് മിനിലോറി ഓടിച്ചുകയറ്റുകയും മതിലില്‍ ഇടിച്ച് നില്‍ക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരും ബൈക്കിലുണ്ടായിരുന്ന ഒരാളും ഓടിയെങ്കിലും എറണാകുളം എടപ്പള്ളി ഉണിച്ചിറ തൈക്കാവിലെ ഫായിസ് അമീനെ(19) മായിപ്പാടി കൊട്ടാരത്തിന്റെ സമീപത്ത് നിന്നു പിടികൂടുകയായിരുന്നു. 18 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.
മറ്റു പ്രതികള്‍ക്കായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൊലപാതകക്കേസില്‍ പ്രതിയായിരുന്ന അബ്ദുല്‍ ലത്വീഫ് കോടതിയില്‍ കീഴടങ്ങിയത്. കുമ്പള പ്രതാപ് നഗര്‍ പുളിക്കുത്തിലെ അല്‍ത്താഫ് വധക്കേസിലെ മൂന്നാം പ്രതിയാണ് ലത്വീഫ്. ആന്ധ്രപ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ലത്വീഫ് ചോദ്യം ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. രണ്ടു കിലോ കഞ്ചാവിന്റെ പായ്ക്കറ്റിന് 15,000 രൂപയാണ് വാങ്ങുന്നത്. ഇത് ലത്വീഫ് വില്‍ക്കുന്നത് 40,000 രൂപയ്ക്കും. ഇയാളുടെ മൊബൈല്‍ഫോണ്‍ വിളിയുടെ രേഖകള്‍ കൂടി പരിശോധിച്ച ശേഷം മറ്റു പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം.
അകമ്പടി ബൈക്കില്‍ നിന്നു ഓടി രക്ഷപ്പെട്ട മറ്റൊരു പ്രതി എറണാകുളം സ്വദേശി മനുവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Post a Comment

0 Comments