ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനം; കെ.സുരേന്ദ്രന് പ്രഥമ പരിഗണന


തിരുവനന്തപുരം: ബി.ജെ. പി സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് മുന്‍തൂക്കം. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് സുരേന്ദ്രന്റെ പേരിന് മുന്‍തൂക്കം ലഭിച്ചത്. അദ്ധ്യക്ഷ പദവിയിലേക്കുള്ള നേതാവിനെ കണ്ടെത്താന്‍ 40 പേരെ ഒറ്റയ്ക്ക് കണ്ട് അഭിപ്രായം ശേഖരിച്ച് തീരുമാനമെടുക്കാനാണ് ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹ റാവുവും സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശും യോഗത്തില്‍ പങ്കെടുത്തത്.
പ്രസിഡന്റ് പദത്തിലേക്ക് രണ്ട് പേരെ നിര്‍ദ്ദേശിക്കാനാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്. സുരേന്ദ്രനെ കൂടാതെ എം.ടി രമേശിന്റെയും ശോഭ സുരേന്ദ്രന്റെയും പേരുകളാണ് മിക്കവരും നിര്‍ദ്ദേശിച്ചത്. നാല് പേര്‍ അഭിപ്രായമില്ലെന്ന് പറഞ്ഞു. എ.എന്‍ രാധാകൃഷ്ണന്റെയും കെ.പി ശ്രീശന്റെയും പേര് ചിലര്‍ നിര്‍ദ്ദേശിച്ചു. ദേശീയ നേതാക്കള്‍ ആര്‍.എസ്.എസ് നേതൃത്വവുമായും കൂടിക്കാഴ്ച നടത്തി. നിര്‍ദേശങ്ങള്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മുന്നിലെത്തും. അടുത്ത ആഴ്ച സംസ്ഥാന പ്രസിഡന്റിനെ ദേശീയ നേതൃത്വം പ്രഖ്യാപിക്കാനാണ് നീക്കം.
സാമുദായിക പ്രാതിനിധ്യം, പ്രവര്‍ത്തന പരിചയം, ആര്‍.എസ്.എസ് ഉള്‍പ്പെടെ പരിവാര്‍ സംഘടനകളുടെ പിന്തുണ, സ്ത്രീ പ്രാതിനിധ്യം എന്നിവ കൂടി പരിഗണിച്ച ശേഷമേ ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കൂ. പൊതുധാരണ ഉണ്ടാകുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് എന്നീ മുതിര്‍ന്ന നേതാക്കളിലൊരാള്‍ക്കു നറുക്കുവീഴും.
ഒരേ സമുദായത്തില്‍ പെട്ടവരെ സുപ്രധാന തസ്തികകളിലേക്കു കൊണ്ടുവരുമ്‌ബോള്‍ മറ്റൊരു പ്രബല സമുദായം അവഗണിക്കപ്പെട്ടു എന്ന തോന്നലുണ്ടാകരുതെന്നു ആവശ്യമുയര്‍ന്നു. ഒരേ സമുദായത്തില്‍ പെട്ടവര്‍ക്കു തുടര്‍ച്ചയായി പദവി ലഭിക്കുന്നതു എതിര്‍പ്പിനു കാരണമാകും. പരാതി ഒഴിവാക്കാന്‍ ജാതിമത ചേരുവകള്‍ സമാസമമാക്കണം. ആദ്യ പരിഗണനയിലുള്ള മൂന്നു ജനറല്‍ സെക്രട്ടിമാരില്‍ പ്രസിഡന്റുപദം ലഭിക്കാത്ത രണ്ടു പേരെ ദേശീയ ഭാരവാഹിയായോ ഇതര സംസ്ഥാന ചുമതലയുള്ള ഇന്‍ചാര്‍ജായോ നിയമിക്കാനും സാധ്യതയുണ്ട്. കൂടാതെ നടക്കാനിരിക്കുന്ന തദ്ദേശനിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തമായ വിജയത്തിലേക്ക് നയിക്കാന്‍ കരുത്തുറ്റ നേതവ് വരണമെന്ന പൊതുവികാരവും ദേശീയ നേതൃത്വം പരിഗണിച്ചേക്കും.

Post a Comment

0 Comments