കുശാല്‍ നഗറില്‍ ഫ്‌ളൈ ഓവര്‍: തീരപ്രദേശത്തേക്കുള്ള യാത്രാദുരിതം തീരും


കാഞ്ഞങ്ങാട്: കുശാല്‍ നഗര്‍ റെയില്‍വേ മേല്‍പ്പാലത്തിന് 34.71 കോടിയുടെ കിഫ്ബി അംഗീകാരം.
കാഞ്ഞങ്ങാട് -കുശാല്‍ നഗര്‍ റെയില്‍വേ മേല്‍പ്പാലം റെയില്‍വേ (ലെവല്‍ ക്രോസ് നമ്പര്‍ 273) യാഥാര്‍ത്ഥ്യമാകുന്നു. ഇതിനുള്ള 34.71 കോടി രൂപയ്ക്കുള്ള കിഫ്ബി അംഗീകാരം ലഭിച്ചിട്ടുള്ളതായി റവന്യൂ മന്ത്രി ഓഫീസ് അറിയിച്ചു. രണ്ട്‌വരി ഗതാഗതവും നടപ്പാതയോടും കൂടിയുള്ള 144 മീറ്റര്‍ നീളമുള്ള പാലമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനായി 148 സെന്റ് ഭൂമി ഏറ്റെടുക്കും. 9 കെട്ടിടങ്ങള്‍ ഏറ്റെടുത്ത് പൊളിച്ച് നീക്കേണ്ടി വരും. 13.40 കോടി രൂപയാണ് ഇതിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. റെയില്‍വേയുടെ ഭാഗമായുള്ള സ്പാന്‍ നിര്‍മ്മിക്കാന്‍ 5 കോടി 40 ലക്ഷം രൂപയും അതൊഴിച്ചുള്ള സ്പാന്‍ നിര്‍മ്മിക്കുന്നതിന് 14 കോടി 45 ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്. ഇലക്ട്രിക് ലൈന്‍, ടെലഫോണ്‍ ലൈന്‍ എന്നിവ മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള തുകയും എസ്റ്റിമേറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. 2018-19 ല്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35.97 കോടി രൂപ യുടെ എസ്റ്റിമേറ്റാണ് പദ്ധതിക്കായി സമര്‍പ്പിച്ചത്. ഇതില്‍ 34.71 കോടിയുടെ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. ടി.ബി റോഡിലെ സ്മൃതി മണ്ഡപം മുതല്‍ ശവപ്പറമ്പ് കൊട്രച്ചാല്‍ റോഡ് വരെ മെക്കാഡം ടാര്‍ ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ശവപ്പറമ്പ് കൊട്രച്ചാല്‍ റോഡിന് 7.57 കോടിയുടെ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. കാഞ്ഞങ്ങാട്ടെ തീരദേശ മേഖലയില്‍ ഗതാഗത തടസങ്ങ ളൊഴിവാക്കുന്ന പ്രവര്‍ത്തിയാണ് കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ മേല്‍പാല പ്രവര്‍ത്തിയിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്. 2013 ലാണ് മേല്‍പ്പാലം വേണമെന്നാവശ്യം ശക്തമായത്. ഇതേതുടര്‍ന്ന് സ്ഥലം എം.എല്‍.എ ആയിരുന്ന ഇ.ചന്ദ്രശേഖരന്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു.
കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശ മേഖലയായ കുശാല്‍നഗര്‍, കല്ലൂരാവി, ഹോസദുര്‍ഗ് കടപ്പുറം, പുഞ്ചാവികടപ്പുറം, ഒഴിഞ്ഞവളപ്പ് തുടങ്ങിയ പത്തൊമ്പത് തീരദേശ വാര്‍ഡുകള്‍ക്ക് കുശാല്‍ നഗര്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായാല്‍ ഗുണമായി മാറും. കുടാതെ കൂടാതെ നീലേശ്വരം നഗരസഭയിലെ അഴിത്തല, തൈക്കടപ്പുറം, കണിച്ചിറ, മരക്കാപ്പ് കടപ്പുറം, കടിഞ്ഞിമൂല എന്നീ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇതുവഴി കഴിയും. സര്‍വ്വേ നടപടികള്‍ ആരംഭിച്ചതോടെ തീരദേശ വാസികളും കര്‍മ്മസമിതിയംഗങ്ങളും ആഹ്ലാദത്തിലാണ്. കോട്ടച്ചേരി മേല്‍പ്പാലം പ്രവൃത്തി മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കുകയും, കുശാല്‍ നഗര്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നതോടെ തീരദേശ മേഖലയിലെ യാത്രാപ്രശ്‌നത്തിന് ശാശ്വത പരിഹാരമാവും.

Post a Comment

0 Comments