കല്‍മാടി തോട് വീണ്ടെടുപ്പ് യോഗം ചേര്‍ന്നു


കാസര്‍കോട്: ഹരിത കേരളം മിഷന്റെ ഭാഗമായി കാസര്‍കോട് ഡെവലെപ്പ്‌മെന്റ് പാക്കേജ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ,മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ,കാസര്‍കോട് മുനിസിപ്പാലിറ്റി ,മധൂര്‍,മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കല്‍മാടി തോട് പുനരുജ്ജീവിപ്പിക്കും.
15 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന കല്‍മാടി തോട് മധൂര്‍,മൊഗ്രാല്‍പുത്തൂര്‍ , കാസര്‍കോട് മുനിസിപ്പാലിറ്റി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയാണ് ഒഴുകുന്നത്. കല്‍മാടി തോടിന്റെ സമഗ്രമായ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനായി തോടിലെ മാലിന്യങ്ങള്‍ ഒഴിവാക്കല്‍, മുള, കൈത എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള ജൈവ രീതിയിലുള്ള അരികുസംരക്ഷണം, കയര്‍ ഭൂവസ്ത്രം, തോടില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്താനും തോടില്‍ തള്ളുന്ന മാലിന്യങ്ങള്‍ തടയാനായി ആശുപത്രി, ഹോട്ടല്‍ മാലിന്യ പരിപാലന സംവിധാനം നിര്‍ബന്ധമാക്കാനും കൂടാതെ വിപുലമായ ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ജനകീയമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി വാര്‍ഡുതല യോഗങ്ങള്‍ രണ്ട് പഞ്ചായത്തുകളിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലും വരും ദിവസങ്ങളില്‍ നടക്കും
കല്‍മാടി തോട് പുനരുജ്ജീവന യോഗം കാസര്‍കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് ഡെവലപ്പ്‌മെന്റ് പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ് മോഹന്‍ പദ്ധതി വിശദീകരിച്ചു. മധൂര്‍ പ്രസിഡന്റ് മാലതി സുരേഷ് , മൊഗ്രാല്‍പുത്തൂര്‍ പ്രസിഡന്റ് എ.എ. ജലീല്‍ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ,വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യ ന്‍ സ്വാഗതവും മുന്‍സിപ്പല്‍ സെക്രട്ടറി ബിജു.യു നന്ദിയും പറഞ്ഞു.

Post a Comment

0 Comments