അധ്യാപികയുടെ കൊലപാതകം: പ്രതികളെ രക്ഷിക്കാന്‍ എസ്.ഐ ശ്രമിച്ചെന്ന് സിപിഎം


കാസര്‍കോട് : മിയാപ്പദവ് വിദ്യാവര്‍ധക സ്‌കൂളിലെ അദ്ധ്യാപിക രൂപശ്രീ കൊലചെയ്യപ്പെട്ട കേസിന്റെ അന്വേഷണം അട്ടിമറിക്കാനും പ്രതികളായ ദുര്‍മന്ത്രവാദിയെയും സഹായിയെയും രക്ഷിക്കാന്‍ മഞ്ചേശ്വരം എസ്.ഐ ആദ്യം ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി മഞ്ചേശ്വരത്തെ പ്രമുഖ സി.പി.എം.നേതാവ് രംഗത്ത്.
നേതാവിന്റെ വാക്കുകള്‍ ഇങ്ങനെ: മഞ്ചേശ്വരത്തെ ഈ എസ്.ഐയെക്കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിക്കഴിഞ്ഞു. ഇടതുമുന്നണിയുടെ പോലീസ് നയം പരസ്യമായി അട്ടിമറിക്കുകയാണ്. ജനങ്ങളെ ഇയാള്‍ വിശ്വാസത്തിലെടുക്കുന്നില്ല. രൂപശ്രീ കൊലചെയ്യപ്പെടുന്നതിന് മുമ്പും ശേഷവും ഇപ്പോള്‍ സി.ബ്രാഞ്ച് പിടികൂടിയവരെക്കുറിച്ചു കൃത്യമായവിവരങ്ങള്‍ ടീച്ചറയുടെ കുടുംബവും സി.പി.എമ്മും എസ്.ഐക്ക് കൈമാറിയിരുന്നു.എന്നാല്‍ ഇതൊന്നും എസ് .ഐ മുഖവിലക്കെടുത്തില്ല. കൊലക്കുശേഷം ഘാതകര്‍ ഉപയോഗിച്ച കാര്‍ പിടിച്ചെടുക്കുന്നത് വൈകിപ്പിച്ചത് ഈ എസ്.ഐയാണ്. ഇതിനൊപ്പം ദുര്‍മന്ത്രവാദിയായ കാരന്തിന്റെ വീടും റെയ്ഡ് ചെയ്ത് തെളിവുകള്‍ എടുക്കാമായിരുന്നു. ഇരു പ്രതികളെയും എങ്ങിനെയെങ്കിലും രക്ഷപ്പെടുത്താനാണ് എസ് ഐയുടെ കുല്‍സിത നീക്കങ്ങള്‍. സി.പി.എമ്മിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആഭ്യന്തരവകുപ്പ് കേസന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചില്ലായിരുന്നുവെങ്കില്‍ കൊലക്കൈകള്‍ക്ക് വിലങ്ങിടാനാകുമായിരുന്നില്ല. ജില്ലാ പോലീസ് ചീഫിന്റെ അവസരോചിതമായ ഇടപെടലാണ് പ്രതികളെ ഉടന്‍ പിടികൂടി ജയിലിലടക്കാനായത്. പ്രതികളെ രക്ഷിക്കാന്‍ എസ്.ഐ നടത്തിയ വഴിവിട്ട നീക്കത്തെക്കുറിച്ചും അന്വേഷിച്ചു നടപടിയെടുക്കണം. ഈ എസ്.ഐ കാസര്‍കോട് പരിസരത്തെ ഒരു സി.പി.എമ്മുകാരന്റെ മകനുമാണ്. ഇതും ഇവിടെ ഞങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്നുണ്ട്. നേതാവ് പറഞ്ഞുനിര്‍ത്തി.
അതേസമയം നാളെ കാസര്‍കോട് സന്ദര്‍ശനത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുമ്പില്‍ രൂപശ്രീ ടീച്ചറുടെ കൊലയുമായി ബന്ധപ്പെട്ട് എസ്.ഐക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരാതിയായി ഉന്നയിക്കാന്‍ സി.പി.എമ്മും രൂപശ്രീയുടെ കുടുംബവും മുന്നോട്ടുവരുമെന്നും സൂചനയുണ്ട്. ഇതിന് പുറമെ ഇക്കഴിഞ്ഞ ആഗസ്ത് 19 ന് മഞ്ചേശ്വരത്തെ ക്രൈസ്തവ ദേവാലയത്തിന് നേര്‍ക്കുണ്ടാണ മുഖംമൂടി ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനും നീക്കമുണ്ട്.

Post a Comment

0 Comments