തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് എട്ടുമാസമായി കൂലിയില്ല


നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് കഴിഞ്ഞ എട്ടുമാസമായി കൂലിയില്ല. തൊഴില്‍ ചെയ്ത് 15 ദിവസത്തിനകം കൂലി ലഭിക്കാന്‍ അവകാശമുണ്ടെന്ന് തൊഴിലുറപ്പു നിയമം തന്നെ അനുശാസിക്കുന്ന സാഹചര്യത്തിലാണ് നഗ്‌നമായ ഈ അവകാശ ലംഘനം. 15 ദിവസത്തിനകം കൂലി ലഭിച്ചില്ലെങ്കില്‍ തൊഴിലാളിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും അവകാശമുണ്ടെന്നും നിയമത്തില്‍ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്ത ജനറല്‍ വിഭാഗം തൊഴിലാളികള്‍ക്ക് 2019 ജൂണ്‍ 15 നാണ് ഒടുവില്‍ വേതനം ലഭിച്ചത്.
നിര്‍ധന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കുന്നതിന് തുടങ്ങിയ പദ്ധതിയുടെ താല്‍പ്പര്യം തന്നെ അട്ടിമറിക്കുന്ന വിധത്തിലാണ് പഞ്ചായത്തിന്റെ സമീപനമെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പറയുന്നു. കൂലിക്കായി ഇവര്‍ പല തവണ പഞ്ചായത്തിലെ തൊഴിലുറപ്പ് സെക്ഷനിലും പദ്ധതിയുടെ മേല്‍ ഓഫീസുകളിലും കയറിയിറങ്ങിയിട്ടും കാര്യമുണ്ടായില്ല.

Post a Comment

0 Comments