വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിന് വരച്ചു വെച്ചു: കോലധാരികളെ നിശ്ചയിച്ച് അടയാളം കൊടുത്തു


നീലേശ്വരം : തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തില്‍ പ്രധാന ആരാധനാ മൂര്‍ത്തിയായ വടയന്തൂര്‍ ഭഗവതിയുടെ കോലം അണിയാനുള്ള നിയോഗം പി.വി.സുരേഷ് ബാബു അഞ്ഞൂറ്റാന്.
പടക്കെത്തി ഭഗവതിയുടെ കോലം അണിയുന്നത് കിണാവൂര്‍ രാജീവന്‍ നേണിക്കവും മഡിയന്‍ ക്ഷേത്രപാലകന്റെ കോലധാരി പള്ളിക്കര പ്രസാദ് കര്‍ണമൂര്‍ത്തിയാണ്. ഇന്നു രാവിലെ മുതല്‍ ക്ഷേത്രത്തില്‍ നടന്ന വരച്ചു വെക്കല്‍ ചടങ്ങിലാണ് കോലധാരികളെ നിശ്ചയിച്ചത്. പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസമായ ഫെബ്രുവരി 11 ന് രാവിലെ 9 നും 9. 55 നും മധ്യേ പടക്കെത്തി ഭഗവതിയുടെ പുറപ്പാടാണ് ആദ്യം. തുടര്‍ന്നു വടയന്തൂര്‍ ഭഗവതി, മഡിയന്‍ ക്ഷേത്രപാലകന്‍ തെയ്യക്കോലങ്ങളുടെ തിരുമുടി നിവരും. 10.15 നും 10.40 നും മധ്യേയാണ് താലികെട്ട് മുഹൂര്‍ത്തം. വരച്ചുവെക്കല്‍ ചടങ്ങ് പൂര്‍ത്തിയായ ശേഷം രാശി പ്രായശ്ചിത്തം ചെയ്ത് കോലധാരികള്‍ക്ക് അടയാളം കൊടുത്തു. കോലധാരികള്‍ക്കും കന്നിക്കലവറയിലേക്കും വല്ലത്തിലേക്കും ആവശ്യമായ തഴപ്പായയും വല്ലപ്പായയും കരുവാച്ചേരി പതിക്കാല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ചു.

Post a Comment

0 Comments