ജോസ്- ജോസഫ് തര്‍ക്കം: പത്തനംതിട്ടയില്‍ യുഡിഎഫിന് സ്റ്റാന്റിംഗ് കമ്മിറ്റി നഷ്ടപ്പെട്ടു


പത്തനംതിട്ട: ജോസ് കെ.മാണി - ജോസഫ് ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം യുഡിഎഫിന് നഷ്ടമായി. ജോസഫ് പക്ഷത്തെ അംഗം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് അംഗം വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തെത്തി.
മുന്‍ ധാരണ പ്രകാരം അദ്ധ്യക്ഷയായിരുന്ന ബിജിമോള്‍ മാത്യു രാജിവെച്ചിരുന്നു. തുടര്‍ന്ന് ഷൈനി ജോര്‍ജിന്റെ പേര് പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് യു.ഡിഎഫ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ജോസഫ് പക്ഷത്ത് നിന്നുള്ള അംഗം ദീപു ഉമ്മന്‍ അഞ്ചംഗ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ എല്‍ഡിഎഫിനും യുഡിഎഫിനും രണ്ടുവീതം അംഗങ്ങളായി. നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിലെ ശോഭ കെ മാത്യു തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ആകെയുള്ള നാല് കേരളാ കോണ്‍ഗ്രസ്സ് അംഗങ്ങളില്‍ മൂന്ന് പേരും ജോസ് കെ മാണി പക്ഷത്താണ്. തര്‍ക്കം പരിഹരിക്കാന്‍ യു.ഡി.എഫ് മുന്‍കൈ എടുക്കാത്തതില്‍ മുന്നണിക്കുള്ളില്‍ അമര്‍ഷം പുകയുന്നുണ്ട്.

Post a Comment

0 Comments