നീലേശ്വരത്ത് വന്‍ ചന്ദനവേട്ട: രണ്ടുപേര്‍ അറസ്‌ററില്‍; പിടിച്ചെടുത്തത് ലക്ഷങ്ങള്‍ വിലമതിക്കുന്ന 67 കിലോയോളം ചന്ദനമുട്ടികള്‍


നീലേശ്വരം: നീലേശ്വരത്ത് വന്‍ ചന്ദനവേട്ട; രണ്ടു പേര്‍ അറസ്റ്റില്‍.
കൊല്ലത്തു നിന്നു ഇന്നോവ കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 67 കിലോ ചന്ദനമുട്ടികളാണ് ഇന്നുപുലര്‍ച്ചെ നാലരയോടെ ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര ഗേറ്റില്‍ ചരക്കുലോറികള്‍ കുറുകെയിട്ട് തടഞ്ഞുനിര്‍ത്തി നീലേശ്വരം സിഐ എം.എ. മാത്യുവിന്റെ നേതൃത്വത്തില്‍ സാഹസികമായി പിടിച്ചെടുത്തത്. കൊളത്തൂര്‍ അരിയില്‍ കെ.കെ.മന്‍സിലിലെ കെ. കെ.മുഹമ്മദിന്റെ മകന്‍ ബി.മുഹമ്മദ് കുഞ്ഞി (31), തെക്കില്‍ ചട്ടഞ്ചാല്‍ ഹൗസിലെ കെ. മൊയ്തുവിന്റെ മകന്‍ ബി.മുഹമ്മദ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരുവരും കഴിഞ്ഞ അഞ്ച് ദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. കെഎല്‍ 55 1155 നമ്പര്‍ ഇന്നോവ കാറില്‍ കൊല്ലത്തു നിന്നു കൊണ്ടുവരികയായിരുന്ന ചന്ദനമുട്ടികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ക്രമത്തില്‍ 6. 7 ലക്ഷം രൂപയില്‍ അധികം വില വരും. വിമാനത്താവളത്തില്‍ നിന്നു വരുന്ന വാഹനമെന്ന വ്യാജേന ചന്ദനമുട്ടികള്‍ കാര്‍ട്ടണുകളിലാക്കി കാര്‍ഗോ സ്ലിപ് പതിച്ച നിലയിലായിരുന്നു. സിഐക്കു പുറമെ എഎസ്‌ഐ കെ.രാധാകൃഷ്ണന്‍, സിപിഒമാരായ സി.വി.വേണുഗോപാല്‍, കെ.എം.സുനില്‍ കുമാര്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഉച്ചയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments