ജില്ലയില്‍ 5 റബ്ബര്‍ചെക്കുഡാമുകള്‍


കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ജലപരിപാലനത്തിനും വെളളപ്പൊക്ക പ്രതിരോധത്തിനും വേണ്ടി ചിലവ് കുറഞ്ഞതും എളുപ്പം സാധ്യമായതുമായ റബ്ബര്‍ചെക്കുഡാമുകളുടെ നിര്‍മ്മാണത്തിന് ഭരണാനുമതിയായി.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരം ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുന്നത്. ഭുവനേശ്വറിലെ ഐ.സി.എ.ആറിന്റെ കീഴിലുളള കേന്ദ്ര ഗവ.സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ മാനേജ്‌മെന്റിന്റെ സാങ്കേതിക സഹായത്താല്‍ ഇറിഗേഷന്‍ വകുപ്പാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 5 പ്രദേശങ്ങളില്‍ റബ്ബര്‍ ചെക്ക്ഡാമുകള്‍ ആദ്യഘട്ടമായി നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുളളത്. 5 റബ്ബര്‍ ചെക്ക് ഡാമുകളുടെ നിര്‍മ്മാണത്തിനായി ഏകദേശം 243 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. മധൂര്‍ പഞ്ചായത്തിലെ 15 മീ. വീതിവരുന്ന മധുവാഹിനിപ്പുഴ, കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ 6 മീ.വീതിയുളള ആലന്തട്ട-നാപ്പച്ചാല്‍ തോട്, പിലിക്കോട് പഞ്ചായത്തിലെ 5 മീ. വീതിയുളള മണിയാട്ടുതോട്, വോര്‍ക്കാടി പഞ്ചായത്തില്‍ 14 മീ.വീതിയോടുകൂടിയ മഞ്ചേശ്വരംപുഴ, പനത്തടി പഞ്ചായത്തിലെ 13.3 മീ. വീതിയുളള മാനടുക്കം-എരിഞ്ഞലംകോട് തോട് തുടങ്ങിയവയാണ് റബ്ബര്‍ച്ചെക്ക്ഡാമുകളുടെ നിര്‍മ്മാണത്തിനായി തിരഞ്ഞെടുത്തിട്ടുളളത്. ദക്ഷിണേന്ത്യയില്‍ ഊട്ടിയില്‍ മാത്രം നിര്‍മ്മിച്ചിട്ടുളള റബ്ബര്‍ചെക്ക്ഡാം എന്ന നൂതന ആശയം കാസര്‍കോട് ജില്ലയില്‍ സാധ്യമാക്കിയാല്‍ ഡാമിലെ ജലക്ഷാമത്തിനും ജലസ്രോതസ്സുകളുടെ കാര്യക്ഷമമായ കൈകാര്യത്തിനും ഒരു വലിയ പരിഹാരമാകും. ഏകദേശം 1.5 മീ. മുതല്‍ 2.5മീ.വരെ സംഭരണഉയരം വരുന്ന രീതിയിലാണ് 5 റബ്ബര്‍ചെക്ക്ഡാമുകളുടേയും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുളളത്.
ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റി പദ്ധതിയിക്ക് അംഗീകാരം നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജമോഹന്‍, ജലസേചന വിഭാഗം എക്‌സി.എഞ്ചിനീയര്‍ രമേശന്‍ എസ്.കെ, ചെറുകിട ജലസേചന വിഭാഗം എക്‌സി.എഞ്ചിനീയര്‍ രാജന്‍ ഡി മറ്റു ജില്ലാ സമിതി അംഗങ്ങളും പങ്കെടുത്തു.

Post a Comment

0 Comments