ടൂറിസം രംഗത്ത് കുതിപ്പിന് സാധ്യതയേറി; കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയറിന് 5 കോടി


കാസര്‍കോട്: ഉത്തരകേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡി.ടി.പി.സി പദ്ധതി തയ്യാറാക്കി. ഇതിന് സര്‍ക്കാര്‍ പച്ചകൊടി കാണിച്ചു.
ടൂറിസ്റ്റുകള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നത് ഉള്‍പ്പടെയുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. അഞ്ച് കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ ആണ് പദ്ധതികളില്‍ പ്രധാനപ്പെട്ടത്. 4,98,48,101 രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇതിന്റെ നിര്‍മ്മാണം ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ച ഉടനെ ആരംഭിക്കും. മാസങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കി സമര്‍പ്പിച്ചിരുന്ന 10.30 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. കാസര്‍കോട് കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം ഡിടിപിസി സെക്രട്ടറി ബിജു രാഘവന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ചത്.
റാണിപുരത്തിന്റെ സൗന്ദര്യവത്കരണത്തിന് ഒരു കോടി രൂപയാണ് ചെലവഴിക്കുന്നത്. 1,35,18,993 രൂപയുടെ കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിലേക്കുള്ള പാതയാണ് രണ്ടാമത്തേത്. ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചതിനെ തുടര്‍ന്ന് പ്രവൃത്തി ജില്ലാ നിര്‍മ്മിതി കേന്ദ്രയെ ഏല്‍പ്പിച്ചിരിക്കുകയാണ്.
തേജസ്വനി പുഴയോരത്ത് നിര്‍മ്മിക്കാനിരിക്കുന്ന എട്ട് കോടി രൂപയുടെ ഹൗസ് ബോട്ട് ടെര്‍മിനലിലേക്ക് എത്തിച്ചേരാനുള്ള റോഡാണിത്. 9,99,4000 രൂപയുടെ ബേക്കല്‍ കോട്ടയിലേക്കുള്ള സ്വാഗത കമാനം ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ നടക്കുകയാണ്.
തീം ബീച്ച് എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്ന ബീച്ചുകളില്‍ ആദ്യത്തേതായ ഹോസ്ദുര്‍ഗ് കൈറ്റ് ബീച്ച് വികസനം പദ്ധതി 98,24,788 രൂപ ചെലവിലാണ് നടത്തുന്നത്. കാസ്രോട് കഫെ എന്ന പേരില്‍ പാണാര്‍ക്കുളം നവീകരണ പദ്ധതിക്ക് 99,18,011 രൂപയുടെ അംഗീകാരം ലഭിച്ചു. ചെങ്കള ഗ്രാമപഞ്ചായത്തും, ജില്ലാ പഞ്ചായത്തും 25 ലക്ഷം രൂപ വീതം നേരത്തെ അനുവദിക്കാന്‍ തീരുമാനിച്ചതിനാല്‍, ഈ പ്രവൃത്തി ജില്ലാ നിര്‍മ്മിതി കേന്ദ്രയെ ഏല്‍പ്പിച്ചു. കാസ്രോട് കഫെ എന്ന ബ്രാന്‍ഡില്‍ നിര്‍മ്മിച്ച ആദ്യത്തെ ലഘുഭക്ഷണശാല തലപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

Post a Comment

0 Comments