കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന് 29.00 കോടി രൂപയും ജലവിതരണ സംവിധാനത്തിന് 8.00 കോടി രൂപയും അനുവദിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍കോട് വികസന പാക്കേജ് സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി തീരുമാനിച്ചു.
ഏകദേശം 6600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളളതും 3 നിലകളോടും കൂടിയ ഒരു ഗേള്‍സ് ഹോസ്റ്റലും 8 നിലകളുളള ടീച്ചേഴ്സ് ക്വാര്‍ട്ടേഴും ഉള്‍പ്പെടുത്തികൊണ്ടാണ് മെഡിക്കല്‍ കോളേജിന്റെ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുളളത്. നിലവിലെ ജലവിതരണ സ്കീമില്‍ നിന്നും ഒരു അധിക ഫീഡര്‍ലൈന്‍ സ്ഥാപിച്ച് ബദിയഡുക്കയിലുളള മെഡിക്കല്‍ കോളേജ് ക്യാമ്പസിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജലവിതരണം ചെയ്യുന്ന രീതിയിലാണ് നിര്‍ദ്ദിഷ്ട വാട്ടര്‍ സപ്ലൈ സ്കീം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുളളത്. 0.88 എം.എല്‍.ഡി ശുദ്ധീകരിച്ച വെളളം മെഡിക്കല്‍ കോളേജ് ക്യാമ്പസിലേക്ക് വിതരണം ചെയ്യാന്‍ 3.00 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള റിസര്‍വോയര്‍ എന്മകജെ പഞ്ചായത്തിലെ പെര്‍ളയിലും 3.00 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള റിസര്‍വോയര്‍ ബദിയഡുക്ക മെഡിക്കല്‍ കോളേജ് ക്യാമ്പസിലും നിര്‍മ്മിക്കുന്നുണ്ട്. 8 കോടി രൂപ വകയിരുത്തിയ ഈ ജലവിതരണ പദ്ധതിയുടെ ഉറവിടം ഷിറിയ നദിയാണ്. നിലവില്‍ കാസര്‍കോട് വികസന പാക്കേജ് 30 കോടി രൂപ ചിലവില്‍ അക്കാദമിക് കെട്ടിടത്തിന്റെ വര്‍ക്ക് പൂര്‍ത്തിയായിട്ടുണ്ട്. നബാര്‍ഡ് സഹായത്തോടെയുളള ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിച്ചു വരുന്നു. ചുറ്റുമതില്‍ നിര്‍മ്മാണം ഭൂവികസന പ്രവൃത്തികള്‍ എന്നിവയും നടന്നു വരുന്നുണ്ട്.
യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിങ്ങ്, പ്ലാനിംഗ് ആന്റ് എക്കണോമിക് അഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക്, ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് നാംദേവ് കോബ്രഗഡെ, പബ്ലിക് വര്‍ക്ക്സ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി ആനന്ദ് സിങ്ങ്, പവര്‍ ഡിപ്പാര്‍ട്ട്മെന്റ് ആന്റ് വാട്ടര്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി ബി അശോക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് ചീഫ് (അഗ്രികള്‍ച്ചര്‍)എസ് എസ് നാഗേഷ്, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments