മെയ് 31 ന് വിരമിക്കാനിരിക്കുന്ന ഡിജിപി ജേക്കബ് തോമസിനെ തരംതാഴ്ത്തുന്നു


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡിജിപി ജേക്കബ് തോമസിനെ തരംതാഴ്ത്തും. എഡിജിപി സ്ഥാനത്തേക്കാണ് തരംതാഴ്ത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്. നടപടിക്ക് ഇനി കേന്ദ്ര സര്‍ക്കാര്‍ അനുമതി മാത്രമാണ് ബാക്കിയുള്ളത്. നിരന്തരമായി ചട്ട വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആരോപണം ഉന്നയിച്ചാണ് നടപടി. ഐപിഎസ് ഉദ്യോഗസ്ഥനെതിരേയുള്ള നടപടി ആയതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഉള്‍പ്പെടെയുള്ള ഒട്ടേറെ നടപടിക്രമങ്ങള്‍ ബാക്കിയാണ്. 1985 ബാച്ചിലെ ഐപിഎസുകാരനായ ജേക്കബ് തോമസ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ്.
സംസ്ഥാനത്ത് ഒരു ഉന്നതോദ്യോഗസ്ഥനെ തരംതാഴ്ത്തുന്നതും ഇതാദ്യമാണ്. നിലവില്‍ വ്യവസായ വകുപ്പിലെ ഒരു വിഭാഗത്തിന്റെ തലവനായ ജേക്കബ് തോമസ് ഈ വര്‍ഷം മെയ് 31 ന് വിരമിക്കാനിരിക്കെയാണ് നടപടി. നേരത്തേ ഒന്നര വര്‍ഷം സസ്‌പെന്‍ഷനിലായിരുന്ന ശേഷമാണ് സര്‍വീസില്‍ തിരിച്ചെത്തിയത്. സര്‍വീസിലിരിക്കെ സര്‍ക്കാരിനെതിരേ പുസ്തം എഴുതിയതുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോള്‍ നടപടിക്ക് കാരണം. സര്‍വീസിലിരിക്കെ പുസ്തകമെഴുതി വകുപ്പുമായി ബന്ധപ്പെട്ട് രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. രണ്ടു പുസ്തകങ്ങള്‍ എഴുതിയ അദ്ദേഹത്തിനെതിരേ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് അന്വേഷണ കമ്മീഷനുകളും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടറായിരുന്ന അദ്ദേഹം സര്‍ക്കാരിനെ നിരന്തരം വിമശിക്കാന്‍ തുടങ്ങിയതോടെയാണ് കണ്ണിലെ കരടായി മാറിയത്.
ജേക്കബ് തോമസിന്റെ വിശദീകരണം തേടും. വിജിലന്‍സ്, ക്രൈംബ്രാഞ്ച് കേസുകളും ജേക്കബ് തോമസിനെതിരേയുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടറായി നിയോഗിച്ചിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാരിനെതിരേ നിരന്തര വിമര്‍ശനം നടത്തുകയായിരുന്നു. ഇതോടെയാണ് തുടര്‍ച്ചയായി ചട്ട വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് നടപടിക്ക് ഒരുങ്ങിയത്. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചാണ് ജേക്കബ് തോമസ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥരുമായും ഏറ്റുമുട്ടി. ഇതിന് പിന്നാലെ പല കാര്യങ്ങളില്‍ സര്‍ക്കാരിനെതിരേ രംഗത്ത് വന്ന അദ്ദേഹം ഏറ്റവും ഒടുവില്‍ ബിജെപിയുടെ വേദിയില്‍ നിന്നായിരുന്നു വിമര്‍ശിച്ചത്.

Post a Comment

0 Comments