കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം 29 ന് ആരംഭിക്കും.
കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ നടന് ദിലീപ് ഉള്‍പ്പടെയുള്ളവര്‍ ഇന്ന് കോടതിയില്‍ ഹാജരായി. വിചാരണക്കാര്യത്തില്‍ എല്ലാ പ്രതികളുടെയും അഭിപ്രായം കോടതി ആരാഞ്ഞു. അന്തിമ തീരുമാനം നാളെയുണ്ടാകും. ഇന്ന് മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് വിചാരണക്കോടതി ശനിയാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ വിചാരണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രതികളോട് ഇന്നു തന്നെ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
കേസിന്റെ പ്രധാന തെളിവായ വിഡിയോ ദൃശ്യങ്ങള്‍ കണ്ട ശേഷം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെതിരെ ആവശ്യമെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുന്നതിന് ദിലീപിന് തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൈകാതെ ദിലീപ് മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. അതേ സമയം മേല്‍ക്കോടതിയെ സമീപിക്കാന്‍ പത്തു ദിവസം നല്‍കണമെന്നും തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമുള്ള ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.
0 Comments