സുരക്ഷാ സ്വയം തൊഴില്‍: ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ സ്വയം തൊഴില്‍ വായ്പയ്ക്ക് 27 വരെ അപേക്ഷിക്കാം


തിരുവനന്തപുരം: പദ്ധതി 2014-15ലെ മദ്യനയത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് മൂന്നു ലക്ഷം രൂപ വായ്പ ലഭിക്കും. അപേക്ഷകള്‍ക്കുള്ള അവസാന തീയതി 2020 ജനുവരി 27.
ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന സുരക്ഷാ സ്വയംതൊഴില്‍ പദ്ധതി പ്രകാരമുള്ള വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു ലക്ഷം രൂപയാണ് സ്വയംതൊഴില്‍ പദ്ധതി പ്രകാരം ഒരു തൊഴിലാളിക്ക് വായ്പയായി ലഭിക്കുന്നത്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളില്‍ സൗജന്യമായി ലഭിക്കും. 2020 ജനുവരി 27 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
സര്‍ക്കാരിന്റെ 2014-15 വര്‍ഷത്തെ മദ്യനയത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുനരധിവാസത്തിനായാണ് സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം അര്‍ഹരായ തൊഴിലാളികള്‍ക്ക് 2,50,000 രൂപ ടേം ലോണ്‍ ആയും, 50,000 രൂപ ഗ്രാന്റ്/സബ്‌സിഡി ആയും അനുവദിക്കും. 1,50,000 രൂപ വീതമുള്ള രണ്ട് തുല്യ ഗഡുക്കളായാകും തുക അനുവദിക്കുന്നതാണ്. ഈ തുകയ്ക്ക് 4% വാര്‍ഷിക പലിശ ഈടാക്കും. അഞ്ചു വര്‍ഷത്തെ തുല്യ മാസ തവണകളായാണ് വായ്പ തിരിച്ചടയ്‌ക്കേണ്ടത്. ലോണ്‍ തുകയുടെ ആദ്യ ഗഡു കൈപ്പറ്റി ആറു മാസത്തിനുശേഷം തിരിച്ചടവ് തുടങ്ങിയാല്‍ മതി. തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ 2.5% പിഴപ്പലിശ ഈടാക്കും.
2014-15 വര്‍ഷത്തെ മദ്യനയത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടതും, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലോ, ഇ.പി.എഫ് പദ്ധതിയിലോ അംഗത്വം ഉണ്ടായിരുന്നവരുമായ തൊഴിലാളികള്‍ക്കു മാത്രമേ പദ്ധതിയില്‍ അപേക്ഷിക്കാനാകൂ. 2015ന് ശേഷം എഫ്.എല്‍3, എഫ്.എല്‍11 ലൈസന്‍സ് ലഭിച്ച ബാര്‍ ഹോട്ടലുകളില്‍ വീണ്ടും ജോലി ലഭിച്ച തൊഴിലാളികള്‍ അര്‍ഹരല്ല. വായ്പക്കായി അപേക്ഷിക്കുന്ന തൊഴിലാളികള്‍ ലോണ്‍ തുകയ്ക്ക് അനുബന്ധമായി ബോണ്ടും, ലോണ്‍ തുക ഉപയോഗിച്ച് ആര്‍ജിക്കുന്ന വകകള്‍ മോര്‍ട്ട്‌ഗേജ് ചെയ്ത ബോണ്ടും എക്‌സിക്യൂട്ട് ചെയ്ത് സമര്‍പ്പിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം ക്ഷേമനിധി അംഗത്വ കാര്‍ഡ്/ഇ.പി.എഫ്. സ്റ്റേറ്റുമെന്റ് പകര്‍പ്പ്, തൊഴിലുടമയുടെ കത്ത്(2014-15 വര്‍ഷത്തെ മദ്യനയത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളിയാണെന്ന് തെളിയിക്കുന്നതിന്), വിശദമായ പ്രോജക്ട്(ഇന്‍ഡസ്ട്രീസ് എക്‌സ്‌ററന്‍ഷന്‍ ഓഫീസര്‍) സാക്ഷ്യപ്പെടുത്തിയത്, ആധാര്‍ കാര്‍ഡ് പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), വയസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖയുടെ പകര്‍പ്പ്(സ്വയം സാക്ഷ്യപ്പെടുത്തിയത്), ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്(സ്വയം സാക്ഷ്യപ്പെടുത്തിയത്), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും സമര്‍പ്പിക്കണം. ലോണ്‍ തുക അനുവദിക്കുന്നതിന് മുന്‍പായി ലോണ്‍ തുകയ്ക്ക് അനുബന്ധമായി ബോണ്ടും, ലോണ്‍ തുക ഉപയോഗിച്ച് ആര്‍ജിക്കുന്ന വകകള്‍ മോര്‍ട്ട്‌ഗേജ് ചെയ്ത ബോണ്ടും എക്‌സിക്യൂട്ട് ചെയ്ത് സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷകള്‍ ജനുവരി 27വരെ ബന്ധപ്പെട്ട മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. നിശ്ചിത സമയ പരിധിക്ക് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ലഭിക്കുന്ന അപേക്ഷകളില്‍ ഫെബ്രുവരി 26 ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 16 നു മുമ്പ് പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കണം. ഏപ്രില്‍ 30 ന് തുക അനുവദിക്കും.

Post a Comment

0 Comments