റിപ്പബ്ലിക്ക് ദിനത്തില്‍ സംഗീതിക 2020 വെള്ളിക്കോത്ത് സ്‌കൂളില്‍


കാഞ്ഞങ്ങാട് : വേറിട്ട കലാ പരിപാടികള്‍ കോര്‍ത്തിണക്കി വെളളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന സംഗീതിക 2020 പരിപാടി റിപബ്ലിക് ദിനത്തില്‍ തുടങ്ങും.
മൂന്നു മാസം നീളുന്നതാണ് പരിപാടിയെന്നു സ്‌കൂള്‍ അധ്യാപകരായ വെള്ളിക്കോത്ത് വിഷ്ണുഭട്ട്, കെ.അനില്‍കുമാര്‍, വിദ്യാര്‍ഥികളായ ആര്‍.നന്ദന, എം.ശിവാനി, പി.വി.അനന്യ, ആവണി മോഹന്‍, വെങ്കടേഷ് കാമത്ത്, കെ.നന്ദന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രധാനാധ്യാപകന്‍ ടി.പി.അബ്ദുല്‍ ഹമീദ് ദേശീയപതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ തുടങ്ങും. എഴുപതാം റിപബ്ലിക് ദിനത്തിന്റെ പ്രതീകമായി എം.വി.ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ 70 വിദ്യാര്‍ഥികള്‍ ദേശീയഗാനത്തിന്റെ പൂര്‍ണരൂപം അവതരിപ്പിക്കും.
പശ്ചാത്തല സംഗീത ഉപകരണങ്ങളും വിദ്യാര്‍ഥികള്‍ തന്നെ കൈകാര്യം ചെയ്യും. സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തിലാണു പരിപാടി. പിടിഎ പ്രസിഡന്റ് കെ.ജയന്‍, വൈസ് പ്രസിഡന്റ് എസ്.ഗോവിന്ദ് രാജ്, മദര്‍ പിടിഎ പ്രസിഡന്റ് വി.വി.തുളസി എന്നിവര്‍ സംബന്ധിക്കും.
ഫെബ്രുവരിയില്‍ വിദ്വാന്‍ പി.കേളുനായരുടെ സംഗീത നാടകങ്ങളിലെ അഭിനേതാക്കള്‍ക്ക് ആദരമൊരുക്കും. മഹാകവിയുടെ കവിയുടെ കാല്‍പ്പാടുകള്‍ എന്ന ആത്മകഥയെ ആസ്പദമാക്കി തയ്യാറാക്കിയ 20 മിനുട്ട് നീളുന്ന സംഗീത നാടകവും അരങ്ങേറും. 20 കുട്ടികള്‍ അഭിനയിക്കുന്ന നാടകത്തിന്റെ സമാപന രംഗത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.പി.അബ്ദുല്‍ ഹമീദ് മഹാകവിയുടെ വേഷത്തില്‍ വേദിയിലെത്തും. നാടകത്തിന്റെ ആദ്യരംഗം വിദ്യാര്‍ഥികളായ അവന്തിക, വിഷ്ണുപ്രിയ, വെങ്കടേഷ് കാമത്ത്, ശ്രീലക്ഷ്മി കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചതും ശ്രദ്ധേയമായി. സംസ്ഥാന കേരളോല്‍സവ നാടക മല്‍സരത്തില്‍ മികച്ച നടീ നടന്മാരായി തിരഞ്ഞെടുക്കപ്പെട്ട വൈഷ്ണവി വെള്ളിക്കോത്ത്, എസ്.ഗോവിന്ദ് രാജ് എന്നിവരെ പരിപാടിയില്‍ അനുമോദിക്കും.മാര്‍ച്ച് അവസാന വാരം ആയിരം വിദ്യാര്‍ഥികളെ അണിനിരത്തി ഹിന്ദ് ദേശ് കേ നിവാസീ ... എന്നു തുടങ്ങുന്ന ദേശഭക്തിഗാനം അവതരിപ്പിക്കും. സ്‌കൂള്‍ അധ്യാപകരായ എം.കെ.പ്രിയ, കെ.അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഇതേ ഗാനത്തിന്റെ മലയാള രൂപാന്തരവും കാസര്‍കോട് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ സൂര്യനാരായണ ഭട്ട് എഴുതിയ കന്നഡ രൂപാന്തരവും ഇതേ വേദിയില്‍ അവതരിപ്പിക്കും. വിദ്വാന്‍ പി കേളുനായര്‍, മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ക്കുള്ള ഗുരുദക്ഷിണയായാണ് പരിപാടി. സ്‌കൂള്‍ വിദ്യാര്‍ഥി എ.രാംപ്രസാദിന്റെ സംഗീതക്കച്ചേരിയോടെ സംഗീതിക 2020 നും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്ന ജനകീയ സംഗീത പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും തിരശ്ശീല വീഴും.

Post a Comment

0 Comments