കാസര്‍കോട് മാരത്തണ്‍ 19 ന്


കാസര്‍കോട്: ഗുഡ്‌മോണിങ് കാസര്‍കോട് സംഘടിപ്പിക്കുന്ന അഞ്ചാമത് കാസര്‍കോട് മാരത്തണ്‍ ജനുവരി 19 ന്. പുരുഷ, വനിതാ വിഭാഗങ്ങളിലായാണ് മത്സരം. രാവിലെ 6.30 ന് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന മാരത്തണ്‍ ഉളിയത്തടുക്ക കൂഡുലു കറന്തക്കാട് കാസര്‍കോട് പുതിയ ബസ്റ്റാന്റ് അണങ്കൂര്‍ വിദ്യാനഗര്‍ വഴി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും.
12 കിലോ മീറ്റര്‍ നീളുന്നതാണ് മാരത്തണ്‍. ഒന്നു രണ്ടും മൂന്നും സ്ഥാനകാര്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപയും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. മിനി മാരത്തണ്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് ദേശീയപാതയിലൂടെ അണങ്കൂരിലെത്തി തിരിച്ച് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. 5 കിലോ മീറ്റര്‍ നീളുന്നതാണ് മിനി മാരത്തണ്‍. വിജയികള്‍ക്ക് 3000, 2000, 1000 രൂപയും ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. കേരളത്തിലേയും കര്‍ണാടകയിലേയും അത്‌ലറ്റുകള്‍ പങ്കെടുക്കും.
ആരോഗ്യവും സൗഹാര്‍ദ്ദവും എന്ന സന്ദേശത്തോടെയുള്ള കാസര്‍കോട് മാരത്തണ്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത്ബാബു, ജില്ലാ പൊലീസ്‌മേധാവി ജയിംസ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ ഒമ്പതിന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും കെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം സി കമറുദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ശ്രീകാന്ത്, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ ഹബീബ് റഹ്മാന്‍, കാസര്‍കോട് പ്രസ്‌ക്ലബ് സെക്രട്ടറി കെ.വി.പത്മേഷ് എന്നിവര്‍ പങ്കെടുക്കും. കാസര്‍കോട് ജില്ലയില്‍ നിന്ന് കായിക മേഖലയില്‍ മികവ് കാട്ടിയവരെ ആദരിക്കും.

Post a Comment

0 Comments