പ്ലാസ്റ്റിക് നിരോധനം- നഗരസഭ റെയ്ഡ് ജനുവരി 15 വരെ നിര്‍ത്തിവെക്കണം


കാസര്‍കോട് : നഗരത്തില്‍ പലചരക്ക് കടകളിലും മറ്റും, സാധനങ്ങള്‍ പൊതിഞ്ഞുകൊടുക്കുവാന്‍ ഉപയോഗിച്ചുവരുന്ന എച്ച്. എം. കവറുകള്‍ നഗരസഭ ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിക്കുന്നതും, വ്യാപാരികളില്‍ നിന്നും പിഴ ഈടാക്കുന്നതും ഒഴിവാക്കണമെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക്ക് നിരോധനം നിലവില്‍ വന്ന ശേഷവും, ബദല്‍ സംവിധാനം ഉണ്ടാകുന്നത്‌വരെ എച്ച്.എം. കവറുകള്‍ ഉപയോഗിക്കുവാന്‍ വന്‍ നഗരങ്ങളില്‍പോലും അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. കൂടാതെ വാങ്ങാവുന്നതും, വില്‍ക്കാവുന്നതും, പാക്കിങ്ങിന് ഉപയോഗിക്കാവുന്നതും, നിരോധിച്ചതുമായ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ കുറിച്ച് ബോധവല്‍ക്കരണത്തിന് ജനുവരി 15 വരെ ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കെ കാസര്‍കോട് നഗരത്തില്‍ പുതുവര്‍ഷ പുലരിയില്‍ തന്നെ നഗരസഭ ഉദ്യോഗസ്ഥര്‍ കടകളില്‍ പരിശോധന നടത്തുകയും നിരോധിച്ചതും, നിരോധിക്കാത്തതുമായ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും, കൂടാതെ ഫ്രൂട്ടി അടക്കം സാധനങ്ങളും പിടികൂടിയിട്ടുണ്ട്. എച്ച്.എം. കവറുകള്‍ പുനരുപയോഗമില്ലാത്തതാണെന്നോ, നിരോധിച്ചതാണെന്നോ വ്യക്തത വരുത്തുവാന്‍ സര്‍ക്കാര്‍ വിജ്ഞാപനത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ നഗരസഭ ഉദ്യോഗസ്ഥരും ആശയകുഴപ്പത്തിലാണ്. ഹൈക്കോടതി ഉത്തരവ് മാനിച്ച് ജനുവരി 15 വരെ ബോധവല്‍ക്കരണത്തിന് സാവകാശം നല്‍കണമെന്നും , അതല്ലാതെ നഗരസഭ ഉദ്യോഗസ്ഥര്‍ വകതിരിവില്ലാതെ വ്യാപാര സ്ഥാപനങ്ങളില്‍ കയറി വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കാനും, അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിടാനും നിര്‍ബന്ധിതരായിതീരുമെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ.മൊയ്തീന്‍ കുഞ്ഞിയും, ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടിയും നഗരസഭ അധികൃതരെ നേരില്‍ കണ്ട് അറിയിച്ചു.

Post a Comment

0 Comments