കരട് വോട്ടര്‍ പട്ടിക: ആക്ഷേപങ്ങള്‍ 14 വരെ സമര്‍പ്പിക്കാം


കാസര്‍കോട്: ജനുവരി 20 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നും പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ ഫെബ്രുവരി 14 നകം സമര്‍പ്പിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു അറിയിച്ചു.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാന പ്രകാരം 2019 ലോകസഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍ പട്ടികയില്‍ പേരുള്ളവരുടെ അപേക്ഷകള്‍ കേരള പഞ്ചായത്ത് രാജ് ആക്ട്, മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് അപേക്ഷകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ളവര്‍ ഫോട്ടോ, ഐ.ഡി കാര്‍ഡ് സഹിതം നേരിട്ട് ഹിയറിങ്ങിന് എത്തിയാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടെന്നും കളക്ടര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പുതുക്കല്‍ സംബന്ധിച്ച് കളക്ടറുടെ ചേമ്പറില്‍ നടന്ന രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ സംവിധാനത്തിലുള്ള വോട്ടര്‍ പട്ടികയിലെ തിരുത്തലുകള്‍ക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ സെക്രട്ടറിമാര്‍ക്ക് പാസ് വേഡ് നല്‍കിയിട്ടുണ്ട്. സെക്രട്ടറിമാര്‍ പാസ് വേഡ് കൈമാറി ഉപയോഗിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ വരുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദിത്വമേറ്റെടുക്കേണ്ടി വരുമെന്നും യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. കരട് വോട്ടര്‍പട്ടികയുടെ അപേക്ഷയും ആക്ഷേപങ്ങളും സംബന്ധിച്ച ഹിയറിങ്ങും പുതുക്കലും ഫെബ്രുവരി 25 ഓടെ പൂര്‍ത്തിയാകും. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും.

Post a Comment

0 Comments