കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്


ദില്ലി: കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്നതിനൊപ്പം ജനുവരി 31 മുതല്‍ ഏപ്രില്‍ മൂന്ന് വരെ രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനം നടത്താനും പാര്‍ലമെന്ററികാര്യ മന്ത്രിസഭാ സമിതി ശുപാര്‍ശ ചെയ്തു. സെഷന്റെ ആദ്യ ഘട്ടം ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയും രണ്ടാമത്തേത് മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ മൂന്ന് വരെയുമാണ്.
വിവിധ മന്ത്രാലയങ്ങള്‍ക്ക് നല്‍കിയ ബജറ്റ് വിഹിതം പരിശോധിക്കാന്‍ പാര്‍ലമെന്ററി കമ്മിറ്റികളെ അനുവദിക്കുന്നതിനുളള ബജറ്റ് സെഷന്റെ രണ്ട് ഘട്ടങ്ങള്‍ക്കിടയില്‍ സാധാരണയായി ഒരു മാസത്തെ ഇടവേള പതിവുളളതാണ്.
കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും യോഗം വിളിച്ചുകൂട്ടും.
ഈ വര്‍ഷത്തെ ബജറ്റില്‍, ധനകാര്യ മന്ത്രാലയം ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നിരവധി നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ള പുതിയ സ്ലാബുകള്‍, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കല്‍ എന്നിവയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ചില നടപടികള്‍.
സര്‍ക്കാര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും വ്യക്തിഗത ആദായനികുതി ഇളവ് കേന്ദ്ര ബജറ്റ് 2020 ലെ നടപടികളിലൊന്നാണെന്നും അടുത്തിടെ ദില്ലിയില്‍ നടന്ന ഒരു പരിപാടിയില്‍ ഒരു ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞിരുന്നു.
ഇപ്പോള്‍ നടന്നുവരുന്ന ബജറ്റിന് മുമ്പുള്ള മീറ്റിംഗുകള്‍ അവസാനിച്ചുകഴിഞ്ഞാല്‍, നടപടികളെക്കുറിച്ച് അന്തിമ തീരുമാനം ധനമന്ത്രി സ്വീകരിക്കും. അതിനുശേഷം നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും.

Post a Comment

0 Comments