മംഗലാപുരത്ത് ഭീകരാവസ്ഥ; കാസര്‍കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍


മംഗലാപുരം: മംഗലാപുരത്ത് മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. മാധ്യമ സംഘത്തില്‍ നിന്ന് ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. മീഡിയ വണ്‍, ഏഷ്യാനെറ്റ്, 24 ചാനല്‍, മാതൃഭൂമി ചാനലുകളിലെ കാസര്‍കോട് ബ്യൂറോ റിപ്പോര്‍ട്ടര്‍മാരെയും ക്യാമറാമാന്മാരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
പോലീസ് എത്തി മാധ്യമപ്രവര്‍ത്തകരോട് ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇന്നലെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗലാപുരത്ത് നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ ഇന്നലെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പോലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് റബര്‍ ബുള്ളറ്റിന് ഉപയോഗിച്ച് വെടിവെപ്പ് നടത്തുകയായിരുന്നു.
മംഗലാപുരം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗലാപുരം കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചു. കലബുറഗി, മൈസൂരു, ഹാസന്‍, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി ബി ദയാനന്ദ് മംഗലാപുരത്ത് എത്തി. അതേസമയം നിരോധനാജ്ഞ ലംഘിച്ച് ബാംഗ്ലൂരില്‍ സമരം ചെയ്യുമെന്ന് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments