എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലെത്തിയിട്ടും ആശുപത്രിയില്‍ പോകാന്‍ തോമസ് ചാണ്ടി വിസമ്മതിച്ചു


കൊച്ചി : അസുഖം മൂര്‍ച്ഛിച്ച് കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലും ആശുപത്രിയില്‍ പോകാന്‍ മുന്‍മന്ത്രി തോമസ് ചാണ്ടി വിസമ്മതിച്ചതായി റിപ്പോര്‍ട്ട്.
അമേരിക്കയിലെ ചികില്‍സ കഴിഞ്ഞ് 10 ദിവസം മുമ്പാണ് തോമസ് ചാണ്ടി കൊച്ചിയിലെത്തിയത്. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞതോടെ ആരോഗ്യനില വഷളായി. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ തോമസ് ചാണ്ടി വിസമ്മതിക്കുകയായിരുന്നു.
രോഗവിവരം പുറത്ത് അറിയരുതെന്നും അദ്ദേഹം വീട്ടുകാരോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെ പപ്പയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞ് വിദേശത്തുള്ള രണ്ട് പെണ്‍മക്കളും ഒരാഴ്ച മുമ്പ് നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ ഭക്ഷണം ഉറക്കാന്‍ പോലും കഴിയാതായി. ഇതോടെ ആശുപത്രിയില്‍ പോയേ തീരുവെന്ന് ഇളയമകള്‍ വാശി പിടിച്ചു. ഇതിന് തോമസ് ചാണ്ടി വഴങ്ങി.
മകള്‍ പറയുന്നത് അനുസരിക്കാമെന്ന് സമ്മതിച്ച തോമസ് ചാണ്ടി, ആശുപത്രിയില്‍ പോകാന്‍ ഒരുങ്ങവെയാണ് ഉച്ചയ്ക്ക് 2.45 ന് ഹൃദയസ്തംഭനത്തിന്റെ രൂപത്തില്‍ മരണം എത്തിയത്.
അപ്രതീക്ഷിത വേര്‍പാടിന് മുന്നില്‍ വീട്ടുകാര്‍ പകച്ചു നിന്നു. മരണ വിവരമറിഞ്ഞ് എന്‍സിപി നേതാക്കളും എംഎല്‍എമാരായ പി ടി തോമസും ജോണ്‍ ഫെര്‍ണാണ്ടസും വൈറ്റില ടോക് എച്ചിന് സമീപമുള്ള വീട്ടിലേക്കെത്തി. ഒരു മണിക്കൂറിന് ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
എല്ലാ മാസവും ചികില്‍സയ്ക്കായി ഭാര്യ മേഴ്‌സിക്കൊപ്പം അമേരിക്കയിലേക്ക് പോകുകയായിരുന്നു തോമസ് ചാണ്ടി ചെയ്തിരുന്നത്. 28 ദിവസം കൂടുമ്പോള്‍ കീമോതെറാപ്പിക്ക് പകരമുള്ള കുത്തിവെയ്പ്പ് എടുക്കാറുണ്ടായിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മകളോടൊപ്പമായിരുന്നു താമസം.
കീമോതെറാപ്പിക്ക് പകരമുള്ള രണ്ട് കുത്തിവെയ്പ്പും കഴിഞ്ഞ് കുവൈത്തിലുള്ള മകളുടെ വീട്ടിലും കുറച്ചു ദിവസം കഴിഞ്ഞശേഷം ഉന്മേഷവാനായാണ് അദ്ദേഹം ഇത്തവണ നാട്ടിലെത്തിയത്. മൂത്തമകളുടെ ഭര്‍ത്താവും മക്കളും 24 നാണ് നാട്ടിലെത്തുക. അതിനാലാണ് സംസ്‌കാരം 24 ന് നിശ്ചയിച്ചത്.

Post a Comment

0 Comments