കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല


ആലപ്പുഴ: കോണ്‍ഗ്രസ് ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.
മാത്രമല്ല കോണ്‍ഗ്രസ് പിന്തുണ നല്‍കുന്ന മഹാരാഷ്ട്രയിലും നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലയെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഇതിന് തീരുമാനമെടുത്തിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇതൊരു ഭരണഘടനാവിരുദ്ധ നിയമമാണ്. ഭരണഘടനാവിരുദ്ധമായ ഒരു നിയമനിര്‍മ്മാണം നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു.
വിവാദ നിയമനിര്‍മ്മാണത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തി പ്രാപിച്ചതോടെയാണ് കെ.സി.വേണുഗോപാല്‍ രംഗത്തെത്തിയത്.
ജനങ്ങളെ മതപരമായും ജാതീയമായും ഭിന്നിപ്പിക്കുന്ന നിയമഭേദഗതിക്കെതിരായ പോരാട്ടത്തിന് രാഹുല്‍ ഗാന്ധി നേരിട്ട് രംഗത്തിറങ്ങുമെന്നും അവസാനത്തെ കോണ്‍ഗ്രസുകാരനും മരിച്ചുവീഴുന്നതുവരെ പൗരത്വനിയമഭേദഗതിക്കെതിരേ പോരാട്ടം തുടരുമെന്നും അദേഹം പറഞ്ഞു.
ഈ പ്രക്ഷോഭത്തില്‍ യോജിക്കാവുന്ന എല്ലാ കക്ഷികളുമായും ചേര്‍ന്നുള്ള പോരാട്ടമാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്ന് പറഞ്ഞ കെ.സി.വേണുഗോപാല്‍ എന്നാല്‍ സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും പറഞ്ഞു.
ആലപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഭരണഘടനാ സംരക്ഷണ സമരം ഉദ്ഘാടനം ചെയ്ത കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെ 78 പേരെ പോലീസ് ഇന്നലെ അറസ്റ്റുചെയ്യുകയും ശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

Post a Comment

0 Comments