പോലീസ് ഡാറ്റാബേസ് ഊരാളുങ്കലിന് തുറന്നുകൊടുക്കാനുള്ള നടപടിക്ക് സ്റ്റേ


കൊച്ചി : പോലീസ് ഡേറ്റ ബാങ്ക് വിവരങ്ങള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുക്കാനുള്ള നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവും കോടതി തടഞ്ഞു. സ്വകാര്യ സ്ഥാപനത്തിന് പോലീസ് ഡേറ്റബേസ് തുറന്നുനല്‍കരുത്. പാസ്‌പോര്‍ട്ട് പരിശോധനയ്ക്ക് ഊരാളുങ്കല്‍ സൊസൈറ്റിക്ക് വിവരങ്ങള്‍ കൈമാറരുതെന്നും കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതി ആവശ്യപ്പെട്ടിട്ട് പോലും ക്രൈം ഡാറ്റ വിവരങ്ങള്‍ നല്‍കിയിട്ടില്ല. പിന്നെങ്ങനെ രഹസ്യ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന് കൈമാറുമെന്ന് ഹൈക്കോടതി ചോദിച്ചു. 20 ലക്ഷം രൂപ ഊരാളുങ്കലിന് ആദ്യഘട്ടത്തില്‍ നല്‍കാനായിരുന്നു ഡിജിപിയുടെ ഉത്തരവ്. ഡിജിപിയുടെ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു.
പാസ്‌പോര്‍ട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്റ്റ്‌വെയറിന്റെ നിര്‍മാണത്തിനായി സംസ്ഥാന പോലീസിന്റെ ഡേറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നു കൊടുക്കണമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് പുറത്തുവന്നത്. അതീവ പ്രധാന്യമുളള ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതിയാണ് നല്‍കിയത്.
സംസ്ഥാന പോലീസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് ഡേറ്റാ ബേസില്‍ പ്രവേശിക്കാനുളള അനുവാദവുമുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് വിവരങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഞൊടിയിടയില്‍ കിട്ടുന്ന വിധത്തിലാണ് അനുമതി നല്‍കിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ കുറ്റവാളികള്‍ വരെയുളളവരുടെ മുഴുവന്‍ വിശദാംശങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ സോഫ്ട് വെയര്‍ നിര്‍മ്മാണ യൂണിറ്റിന് ലഭിക്കും. സാധാരണ ഗതിയില്‍ സാമ്പിള്‍ ഡേറ്റ ഉപയോഗിച്ച് സ്വകാര്യ കമ്പനികള്‍ സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കുമ്പോഴാണ് ഊരാളുങ്കലിനായി ഈ നീക്കം നടത്തിയത്. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Post a Comment

0 Comments