നീലേശ്വരം: വളപട്ടണത്തു നിന്ന് മോഷ്ടിച്ച് ഗോവയ്ക്ക് കടത്തുകയായിരുന്ന ബുള്ളറ്റ് നീലേശ്വരത്തെത്തിയപ്പോള് കേടായി.
നീലേശ്വരത്തുനിന്ന് മറ്റൊന്നു മോഷ്ടിച്ച് മോഷണ സംഘം യാത്ര തുടര്‍ന്നു. ദേശീയപാതയോരത്ത് നീലേശ്വരം കരുവാച്ചേരിയില്‍ നിന്ന് ഡിസംബര്‍ 15 ന് പുലര്‍ച്ചെ മോഷ്ടിക്കപ്പെട്ട ബുള്ളറ്റിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് നീലേശ്വരം പോലീസ് സിനിമയെ വെല്ലുന്ന ഈ തിരക്കഥയുടെ ചുരുളഴിച്ചത്.
കരുവാച്ചേരിയില്‍ മോഷണം നടത്തി മടങ്ങവെ ഈ സംഘം പോലീസ് പട്രോളിങ് ടീമിന്റെ കണ്ണില്‍ പെട്ടിരുന്നു. ഇതോടെയാണ് വളപട്ടണം പോലീസുമായി എസ്ഐ, രഞ്ജിത് രവീന്ദ്രന് ബന്ധപ്പെട്ടത്. ഇതേ ദിവസം വളപട്ടണം പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട മറ്റൊരു ബുള്ളറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു വളപട്ടണം പോലീസ്. ഈ ബുള്ളറ്റ് ദേശീയപാതയിലെ പെട്രോള്‍ പമ്പിനു സമീപം കേടായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇതുകേടായതോടെ ഗോവയ്ക്ക് യാത്ര തുടരാന്‍ സംഘത്തിനു മറ്റൊരു ബുള്ളറ്റ് ആവശ്യമായി വന്നപ്പോള്‍ കരുവാച്ചേരി ജുമാ മസ്ജിദിനു സമീപത്തെ അബ്ദുല്‍ വാരിസിന്റെ കെഎല്‍ 60 ഡി 6179 നമ്പര്‍ ബുള്ളറ്റ് മോഷ്ടിക്കുകയായിരുന്നു. ബുള്ളറ്റുകള്‍ മാത്രം മോഷ്ടിക്കുന്ന ഈ സംഘം ഇവയുടെ പൂട്ടുകള്‍ അതിവേഗം പൊളിച്ച് സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു കൊണ്ടു പോകുന്നതില്‍ വിദഗ്ധരാണ്. വളപട്ടണം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. കരുവാച്ചേരിയില്‍ നിന്നു മോഷ്ടിച്ച ബുള്ളറ്റുമായി ഇവര്‍ ഗോവയില്‍ എത്തിയതായാണ് വിവരം. വളപട്ടണം പോലീസിന്റെ സഹായത്തോടെ ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വളപട്ടണത്തു നിന്നു മോഷ്ടിച്ച് നീലേശ്വരത്ത് ഉപേക്ഷിക്കപ്പെട്ട ബുള്ളറ്റ് വളപട്ടണം പോലീസെത്തി ബന്തവസ്സിലെടുത്തു.
0 Comments